ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി നേതൃത്വത്തോട് എതിർപ്പുളള ജി-23 അംഗങ്ങൾ മുകുൾ വാസ്‌നിക്കിനെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ നിർദ്ദേശം പാർട്ടി ഹൈക്കമാൻഡ് നിരസിച്ചതായി റിപ്പോർട്ടുണ്ട്. സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായിരിക്കെ, തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത് രാഹുൽ ഗാന്ധിയാണെന്ന് ജി-23 ആരോപിക്കുന്നു.

ആനന്ദ് ശർമ്മ, ഗുലാം നബി ആസാദ്, കപിൽ സിബൽ എന്നിവരടങ്ങുന്ന ജി 23, പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മുകുൾ വാസ്‌നിക്കിന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. സോണിയാഗാന്ധി ഇടക്കാല അധ്യക്ഷയാണെങ്കിലും, കെ സി വേണുഗോപാൽ, അജയ് മാക്കൻ, രൺദീപ് സുർജേവാല എന്നിവരാൽ പാർട്ടി നിയന്ത്രിക്കപ്പെടുന്നുതായി ജി 23 നേതാക്കൾ പറഞ്ഞു.

‘രാഹുൽ ഗാന്ധി പ്രസിഡന്റല്ല. എന്നാൽ അദ്ദേഹം പിന്നിൽ നിന്ന് പ്രവർത്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. അദ്ദേഹം പരസ്യമായി ആശയവിനിമയം നടത്തുന്നില്ല. ഞങ്ങൾ പാർട്ടിയുടെ അഭ്യുദയകാംക്ഷികളാണ്, ശത്രുക്കളല്ലെന്നും ജി 23 നേതാക്കൾ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) യോഗം ഞായറാഴ്ച വൈകുന്നേരം നാലിന് വിളിച്ചു ചേർത്തിട്ടുണ്ട്. സമ്മേളനത്തിൽ സിഡബ്ല്യുസി നേതാക്കൾ, കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗേൽ, അശോക് ഗെലോട്ട്, മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവർ പങ്കെടുക്കും.

അതിനിടെ ഛത്തീസ്ഗഡിൽ ബാഗേലും എതിരാളിയായ ടിഎസ് ദിയോ സിംഗും തമ്മിലുള്ള തർക്കം സിഡബ്ല്യുസിയിൽ ഉന്നയിക്കുമെന്ന് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിഡബ്ല്യുസിയുടെ ഭാഗമായ ജി-23 വിയോജിപ്പുള്ള അംഗങ്ങൾ യോഗത്തിൽ കോൺഗ്രസ് പാർട്ടിയിൽ പരിഷ്‌കാരങ്ങൾ വേണമെന്ന ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചു. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ തങ്ങളുടെ സ്ഥാനം രാജിവയ്‌ക്കുമെന്ന് ചിലർ സൂചന നൽകിയെങ്കിലും കോൺഗ്രസ് നേതൃത്വം അത്തരം വാദങ്ങൾ നിഷേധിച്ചിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയുകയും സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതു മുതൽ കോൺഗ്രസ് നേതൃനിരയിൽ പ്രതിസന്ധിയാണ്.