ലക്‌നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പുന:സ്ഥാപിച്ച് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി. വിഷയത്തിൽ കഴിഞ്ഞ വർഷം തള്ളിയ ഹർജിയാണ് വീണ്ടും ഹൈക്കോടതി പുന:സ്ഥാപിച്ചത്.

കൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്ന് അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് കോടതിയിൽ ഹർജി നൽകിയത്. 2021 ജനുവരി 19 ന് കോടതി ഹർജി പരിഗണിച്ചപ്പോൾ അദ്ദേഹത്തിന് ഹാജരാകാൻ കഴിഞ്ഞില്ല. ഇതേ തുടർന്നായിരുന്നു കോടതി ഹർജി തള്ളിയത്. എന്നാൽ ഇതിന് പിന്നാലെ ഹർജി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മഹേക് മഹേശ്വരി വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. ഹർജി ജൂലൈ 25 ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പുന:സ്ഥാപിച്ചത്.

ശ്രീകൃഷ്ണ ജന്മഭൂമിയിൽ സ്ഥിതിചെയ്യുന്ന മസ്ജിദ് ഭൂമി കയ്യേറി നിർമ്മിച്ചതാണെന്നും, അതിനാൽ മസ്ജിദ് പൊളിച്ച് ഭൂമി പൂർണമായും ക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് മഹേക് മഹേശ്വരി കോടതിയെ സമീപിച്ചിട്ടുള്ളത്.