ന്യൂഡല്‍ഹി: തീവ്ര രാജ്യസ്നേഹി ആയതിനാലാണ് താന്‍ സമാജ് വാദി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്.

 

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി വന്‍ വിജയം നേടിയതിനു പിന്നലെയാണ് അപര്‍ണയുടെ പ്രതികരണം.

യു.പിയില്‍ ബി.ജെ.പി ജയിക്കില്ലെന്ന് പറഞ്ഞ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള പലരുടെയും വാദങ്ങള്‍ പൊളിഞ്ഞുവെന്ന്, തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്ബ് ബി.ജെ.പിയില്‍ ചേര്‍ന്ന അപര്‍ണ പരിഹസിച്ചു.

‘സമാജ് വാദി പാര്‍ട്ടിക്ക് എവിടെയാണ് പിഴച്ചത് എന്നറിയില്ല. എനിക്ക് എന്റെ രാജ്യമാണ് വലുത്. എല്ലാ ഇന്ത്യക്കാരും രാജ്യസ്നേഹികള്‍ ആണ്. പക്ഷെ, ഞാന്‍ തീവ്ര രാജ്യസ്നേഹിയാണ്. അതുകൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതാണ് ഉചിതമെന്ന് കരുതി. രാജ്യത്തിന് വേണ്ടിയാണ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. നേതൃത്വം എന്ത് ഉത്തരവാദിത്വം തന്നാലും സന്തോഷകരമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കും’, അപര്‍ണ വ്യക്തമാക്കി.