കൊച്ചി: പോക്‌സോ കേസ് പ്രതിയായ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ ഓഫീസിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോയ് വലയാട്ട് ഒലിവിലായിരുന്നു. റോയ് വയലാട്ടിന്റെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ അമ്മയുടേയും പ്രായപൂർത്തിയാകാത്ത മകളുടേയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.

2021 ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി പത്ത് മണിക്ക് പാർട്ടി ഹാളിൽ വെച്ച് റോയ് വലയാട്ട് തന്നേയും മകളേയും കടന്നു പിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും സുഹൃത്ത് അഞ്ജലിയും മൊബൈലിൽ പകർത്തി എന്നുമാണ് കേസ്. ജനുവരി 31നാണ് പ്രതികൾക്കെതിര ഇവർ ഫോർട്ട് കൊച്ചി പോലീസിൽ പരാതി നൽകുന്നത്.

വിവരം പുറത്തുപറഞ്ഞാൽ ചിത്രം പുറത്തുവിടുമെന്ന് പറഞ്ഞ് മൂന്ന് പേരും ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ മോഡലുകളുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ബിജി ജോർജ്ജിനാണ് കേസിന്റെ ചുമതല.