കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ പത്ത് കോടി രൂപ തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി.

ദുരിദാശ്വാസ നിധിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നല്‍കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് മൂന്നംഗ ഫുള്‍ ബഞ്ചിന്റെ ഉത്തരവ്.

ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ സെക്ഷന്‍ 27 പ്രകാരം ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന കാണിക്ക ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന് വിലക്കുണ്ട്. ഈ വ്യവസ്ഥ ഹൈക്കോടതി നേരത്തെ ശരിവെച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍.

ഡിവിഷന്‍ ബഞ്ചിന്റെ മുന്‍ ഉത്തരവ് ജസ്റ്റിസുമാരായ എ.ഹരിപ്രസാദും അനുശിവരാമനും എം.ആര്‍.അനിതയും അടങ്ങുന്ന ബഞ്ച് ശരിവച്ചു.

പണം സര്‍ക്കാര്‍ ചെലവിനല്ല ഉപയോഗിക്കുന്നതെന്നും പ്രളയം പോലുള്ള മനുഷ്യനിര്‍മിതമല്ലാത്ത ദുരന്തങ്ങളിലെ ഇരകള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.