ദുബായ് : സൗരോർജത്തിൽ പ്രവർത്തിക്കുന്ന ദുബായിലെ ആദ്യ സ്റ്റേഡിയമായി സെവൻസ് സ്റ്റേഡിയം. എമിറേറ്റ്‌സ് ഗ്രൂപ്പിനു കീഴിലെ റഗ്ബി സ്റ്റേഡിയമാണ് പ്രവർത്തനം സോളാർ എനർജിയിലേക്കു മാറ്റിയത്. കാർ പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങളുടെ മേൽക്കൂരക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചാണ് സൗരോർജം ഉൽപാദിപ്പിക്കുന്നത്.

സ്റ്റേഡിയത്തിലെ 550 കാർ പാർക്കിംഗ് സ്ഥലങ്ങളുടെ മേൽക്കൂരയിലാണ് സോളാറുകൾ സ്ഥാപിച്ചിരിക്കുന്നത്. നാല് കാർ റീചാർജ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. സ്റ്റേഡിയത്തിനു വേണ്ട വൈദ്യുതി പൂർണമായും ഉൽപാദിപ്പിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് അറിയിച്ചു. 10,550 ചതുരശ്ര മീറ്ററിൽ 4500 സോളാർ പാനലുകളാണ് സ്റ്റേഡിയത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ വർഷം 3.6 ജിഗാവാട്‌സ് ഹെർട്‌സ് ഊർജം ഉൽപാദിപ്പിക്കാൻ കഴിയും. ഇതുവഴി വർഷത്തിൽ 1496 മെട്രിക് ടൺ കാർബൺ ഡയോക്‌സൈഡ് ബഹിർഗമനം ഒഴിവാക്കാൻ കഴിയും.

ഫ്‌ളഡ് ലൈറ്റ്, ഇൻഡോർ-സ്ട്രീറ്റ് ലൈറ്റ്, ചില്ലർ, വെള്ളം വിതരണം എന്നിവക്കായി സൗരോർജമായിരിക്കും ഉപയോഗിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ റഗ്ബി ചാമ്പ്യൻഷിപ്പുകളിൽ ഒന്നായ എമിറേറ്റ്‌സ് ദുബായ് സെവൻസ് ചാമ്പ്യൻഷിപ്പിനൊഴികെ എല്ലാ ടൂർണമെൻറുകളിലും ഈ സോളാർ വൈദ്യുതി ഉപയോഗിച്ചായിരിക്കും സ്റ്റേഡിയം പ്രവർത്തിക്കുക. എമിറേറ്റ്‌സ് ദുബായ് ചാമ്പ്യൻഷിപ്പിന് കൂടുതൽ വൈദ്യുതി വേണ്ടിവരും. നിലവിൽ എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ മറ്റു ചില പ്രവർത്തനങ്ങൾക്ക് സോളാർ എനർജി ഉപയോഗിക്കുന്നുണ്ട്.