ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണയാണെന്ന് പ്രധാനമന്ത്രി മോഡി.കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നടപ്പാക്കിയതല്ല. കഴിഞ്ഞ 20-30 വര്‍ഷമായി ഈ പരിഷ്‌കാരങ്ങളെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മോഡി വ്യക്തമാക്കി.

മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുരോഗമന വാദികളായ കര്‍ഷകരും കാര്‍ഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രഞ്ജരും പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കാനും അവരുടെ പുരോഗതിയും കാര്‍ഷിക മേഖലയിലെ ആധുനികവത്കരണവും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ക്രെഡിറ്റും നിങ്ങള്‍ തന്നെ എടുത്തോളുവെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നതായും അദേഹം പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.