ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാനങ്ങളില്‍ ഇനി പകുതി ടിക്കറ്റ് നിരക്ക് മാത്രം നല്‍കിയാല്‍ മതി. ആഭ്യന്തര വിമാനങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പകുതി നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുന്ന പദ്ധതി എയര്‍ ഇന്ത്യ ആരംഭിച്ചു. ഇന്ത്യയില്‍ സ്ഥിര താമസക്കാരായ 60 വയസ് പിന്നിട്ട പൗരന്മാര്‍ക്ക് ഇക്കോണമി ക്ലാസില്‍ പകുതി നിരക്കില്‍ ടിക്കറ്റെടുക്കാം.

എയര്‍ ഇന്ത്യ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ മാത്രമായിരിക്കും ഓഫര്‍ ലഭ്യമാകുക. വിമാനം പുറപ്പെടുന്നതിന് മൂന്ന് ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യണം. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. പ്രായത്തില്‍ കൃത്രിമം കാട്ടിയാല്‍ മുഴുവന്‍ തുകയും ഈടാക്കുമെന്നാണ് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ലൈസന്‍സ്, വോട്ടര്‍, ഐഡി, പാസ്‌പോര്‍ട്ട് എന്നിങ്ങനെയുള്ള രേഖകളില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മതിയാകും.