ന്യൂഡല്‍ഹി: സ്വന്തം പേരില്‍ ഒന്‍പതില്‍ അധികം സിം കാര്‍ഡുകള്‍ എടുത്തിട്ടുള്ളവര്‍ മടക്കി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജനുവരി പത്താം തീയതിക്കകം സിമ്മുകള്‍ അതതു സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് മടക്കിയേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കള്‍ക്ക് ടെലികോം മന്ത്രാലയം അയച്ചു തുടങ്ങി. സന്ദേശമനുസരിച്ച് ആളുകള്‍ അധികമുള്ള സിം കാര്‍ഡുകള്‍ മടക്കിനല്‍കിയില്ലെങ്കില്‍ വകുപ്പു നേരിട്ട് നോട്ടീസ് നല്‍കിയേക്കുമെന്ന് ടെലികോം സേവനദാതാക്കള്‍ പറയുന്നു. കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തംപേരില്‍ പരമാവധി ഒന്‍പതു സിംകാര്‍ഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാര്‍ഡുകള്‍ മടക്കി നല്‍കാനാണ് നിര്‍ദ്ദേശം.

ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകള്‍ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയില്‍ നിന്ന് കണക്ഷന് എടുത്തിട്ടുള്ളത് അവര്‍ക്ക് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്. അതിനാല്‍ തന്നെ ഒന്‍പതിലധികം സിം കാര്‍ഡുകള്‍ സ്വന്തം പേരിലുള്ളവര്‍ അവ തിരികെ നല്‍കണം. കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാര്‍ഡുകളുടെ കണക്ഷന് താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുന്‍പെടുത്ത സിംകാര്‍ഡുകള്‍ എത്രയെണ്ണം തങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അറിയാനാകൂ.