മോസ്കോ : ടെന്നീസിലെ ഗ്ലാമര്‍ സാന്നിദ്ധ്യം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടര്‍ ജില്‍ക്സാണ് വരന്‍. 41കാരനായ അലക്സാണ്ടര്‍ ജില്‍ക്സുമായി വിവാഹ നിശ്ചയം കഴിഞ്ഞ വിവരം 33കാരിയായ ഷറപ്പോവ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഷറപ്പോവ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിച്ചത്.

‘ ആദ്യം കണ്ടുമുട്ടിയപ്പോള്‍ തന്നെ ഞാന്‍ യെസ് പറഞ്ഞു ‘ അലക്സാണ്ടര്‍ ജില്‍ക്സിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഷറപ്പോവ കുറിച്ചു. 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്സാണ്ടര്‍ ജില്‍ക്സും തമ്മിലുള്ള പ്രണയം ആദ്യമായി ശ്രദ്ധയാകര്‍ഷിച്ചത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള അലക്സാണ്ടറുടെ ആദ്യ ഭാര്യ ബ്രിട്ടിഷ് – ബഹ്റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്.

 

 

 

 

സെര്‍ബിയയില്‍ ജനിച്ച ഷറപ്പോവ ലോക ഒന്നാം നമ്ബര്‍ താരമായിരുന്നു. 2004ല്‍ 17ാം വയസില്‍ വിമ്ബിള്‍ഡന്‍ ജേതാവായി. 2005ല്‍ ലോക ഒന്നാം നമ്ബര്‍ താരമായി. 2006ല്‍ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം, 2008ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം, 2012ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം, ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളി തുടങ്ങിയവ സ്വന്തമാക്കി. 2016 ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് 15 മാസത്തെ വിലക്കു നേരിട്ടിരുന്നു. പിന്നീട് പഴയ ഫോം തിരിച്ചുപിടിക്കാനാകാഞ്ഞ ഷറപ്പോവ 373ാം റാങ്കിലിരിക്കെയാണ് വിരമിച്ചത്.