ന്യൂഡല്‍ഹി: യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഇന്ത്യ-ചെെന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഏറെ സമയം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ജയ്ശങ്കര്‍ ഈക്കാര്യം വ്യക്തമാക്കിയത്.

1980 മുതല്‍ അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിന്നുരുന്നതിനാല്‍ ഇരുരാജ്യങ്ങളും വ്യാപാരം, ടൂറിസം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരിച്ചുവരികയായിരുന്നു. ഈ വര്‍ഷത്തെ അതിര്‍ത്തി സംഘര്‍ഷം സ്ഥിതിഗതികളെ വല്ലാതെ അസ്വസ്ഥമാക്കിയെന്നും ജയ്ശങ്കര്‍ പറഞ്ഞു. പൂനെ ഇന്റര്‍നാഷണല്‍ സെന്റര്‍ മുന്‍ അംബാസിഡര്‍ ഗൗതം ബംബവാലെയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“അതിര്‍ത്തി തര്‍ക്കം വളരെ സങ്കീര്‍ണവും ബുദ്ധിമുട്ടുള്ളതുമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. പരിഹരിക്കുന്നത് എളുപ്പമല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. പലപ്പോഴായി ഇത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും ഉണ്ടായിരിക്കണം, 1980 കളുടെ അവസാനം മുതല്‍ അങ്ങനെയാണ്.” എസ്.ജയ്ശങ്കര്‍ പറഞ്ഞു.

1975ന് ശേഷം 2020ല്‍ ആദ്യമായാണ് ഇന്ത്യ-ചെെന അതിര്‍ത്തിയില്‍ ഇത്തരത്തില്‍ ഒരു സംഘര്‍ഷം ഉണ്ടാകുന്നത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിരവധി തവണ ഇരുരാജ്യങ്ങള്‍ തമ്മില്‍ സെെനിക,നയതന്ത്രതല ചര്‍ച്ചയുണ്ടായെങ്കിലും അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായിട്ടില്ല.