ന്യൂഡല്‍ഹി: സുപ്രിംകോടതി ഇടപെടലിന് ശേഷം കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനത്തില്‍ വെര്‍ച്വലായാകും പ്രധാനമന്ത്രി പങ്കെടുക്കുക. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കര്‍ഷകരുടെ സമ്മേളനത്തെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്.

നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച്‌ നില്‍ക്കും എന്നാണ് സൂചന. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കത്തെഴുതി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. താങ്ങുവില സംബന്ധിച്ച്‌ രേഖാമൂലം ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും കത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.

താങ്ങുവില നിര്‍ത്തലാക്കുമെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ കര്‍ഷകര്‍ വിശ്വസിക്കരുതെന്നും കത്തില്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു. ‘ചില കര്‍ഷക സംഘടനകള്‍ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. അത്തരം അഭ്യൂഹങ്ങള്‍ നീക്കേണ്ടത് തന്റെ ചുമതലാണ്. റെയില്‍വേ ട്രാക്കില്‍ ഇരിക്കുന്നവര്‍, നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികര്‍ക്ക് റേഷന്‍ എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്ക്, കര്‍ഷകരാകാന്‍ കഴിയില്ല, കേന്ദ്രമന്ത്രി കത്തില്‍ കുറിച്ചു.

കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകളില്‍ ഭൂരിഭാഗം കര്‍ഷകരും സന്തുഷ്ടരാണെന്നും എന്നാല്‍ വ്യാജവാര്‍ത്തയെ അടിസ്ഥാനമാക്കി പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഒരു വിഭാഗം ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും തോമര്‍ കത്തില്‍ പറയുന്നു.