ന്യൂഡല്‍ഹി: ഡല്‍ഹിയിലും മുംബൈയിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അഹമ്മദാബാദിലും അപൂര്‍വ ഫംഗസ് രോഗം പടരുന്നു. 44 പേരാണ് രോഗം ബാധിച്ച്‌ അഹമ്മദാബാദില്‍ ചികിത്സയിലുള്ളത്. മ്യൂകോര്‍മിക്കോസിസ് എന്ന മാരകമായ ഫംഗസ് രോഗമാണ് പടര്‍ന്നുപിടിക്കുന്നത്. അഹമ്മദാബാദില്‍ 9 പേര്‍ രോഗം ബാധിച്ച്‌ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. കോവിഡിനെതിരെ രാജ്യം പോരാടുന്നതിനിടെയാണ് മറ്റൊരു രോഗബാധ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

എന്താണ് മ്യൂകോര്‍മിക്കോസിസ്? നേരത്തെ സൈഗോമൈക്കോസിസ് എന്നറിയപ്പെട്ട മ്യൂകോര്‍മിക്കോസിസ് ഗുരുതരമായ ഫംഗസ് അണുബാധയാണ്. മ്യൂകോര്‍മിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. അണുബാധ സാധാരണയായി മൂക്കില്‍ നിന്ന് ആരംഭിച്ച്‌ കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്ന് കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും രോഗബാധ കുറയ്ക്കും. എന്നാല്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

പൊതുവായി ആര്‍ക്കാണ് കൂടുതല്‍ അപകടസാധ്യതയുള്ളത്?

ഈ കൊലയാളി രോഗം പ്രധാനമായും ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളെയാണ് ബാധിക്കുന്നത്. അല്ലെങ്കില്‍ രോഗാണുക്കളോടും രോഗങ്ങളോടും പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരെയും. മാത്രമല്ല, കോവിഡ് 19 ല്‍ നിന്ന് കരകയറുന്ന ആളുകള്‍ക്കും ഈ അണുബാധ വരാനുള്ള സാധ്യതയുണ്ട്. പ്രമേഹവും ആരോഗ്യപ്രശ്നവുമുള്ള ആളുകള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുണ്ട്.

ഇതുവരെ എത്ര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്?

രണ്ടുദിവസം മുന്‍പ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ഇതുവരെ 44 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്‍പത് മരണവും ഫംഗസ് ബാധ കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധ നടപടികള്‍ എന്തെല്ലാം?

എല്ലാവരും നല്ല ശുചിത്വം പാലിക്കുക എന്നതാണ് പ്രധാനം. പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും പതിവായി കൈ കഴുകുകയും വേണം. കണ്ണിലും മൂക്കിലും ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. മൂക്കിലോ കണ്ണിലോ തൊണ്ടയിലോ എന്തെങ്കിലും വീക്കം കണ്ടാല്‍, ഉടന്‍ ഡോക്ടറെ കാണുക. രോഗത്തിന്റെ ചികിത്സയില്‍ മ്യൂക്കോര്‍മിക്കോസിസ് നേരത്തേ കണ്ടുപിടിക്കുന്നത് നിര്‍ണായകമാണ്.