ഹൈദരാബാദ് : രാജ്യവ്യാപക ലോക്ഡൗണിൽ കുടുങ്ങിപ്പോയ മകനെ തിരികെ എത്തിക്കാൻ 1,400 ഓളം കിലോമീറ്റർ ഒറ്റയ്‌ക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്ത റസിയ ബീഗം എന്ന അമ്മയെ ആരും മറന്നുകാണില്ല. ആന്ധ്രാപ്രദേശിൽ സുഹൃത്തിന്റെ വീട്ടിലായിരുന്ന മകൻ മുഹമ്മദ് നിസാമുദ്ദീൻ അമനെ തെലങ്കാന സ്വദേശിയായ റസിയ ഒറ്റയ്‌ക്ക് പോയാണ് വീട്ടിൽ തിരികെ എത്തിച്ചത്. 2020 ഏപ്രിൽ മാസത്തിലായിരുന്നു സംഭവം. അന്ന് റസിയ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

അന്ന് അത്രയും ദൂരം ഒറ്റയ്‌ക്ക് പോയി മകനെ തിരികെ കൊണ്ടുവരാൻ റസിയയ്‌ക്ക് കഴിഞ്ഞു. എന്നാൽ ഇന്ന് റസിയയുടെ മകൻ യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുകയാണ്. യുക്രെയ്‌നിലെ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ് 21-കാരനായ അമൻ. ഹോസ്റ്റലിന്റെ ബേസ്മെന്റിൽ രക്ഷാപ്രവർത്തകരേയും കാത്തിരിക്കുകയാണ് ആ യുവാവ്. ഭക്ഷണത്തിനും വെള്ളത്തിനും വരെ ഇവർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് വിവരം.

തന്റെ മകൻ നല്ല ധൈര്യമുള്ളയാളാണെന്ന് റസിയ പറയുന്നു. വിഷമിക്കേണ്ടെന്നും ജീവനോടെ വീട്ടിലേക്ക് വരുമെന്നുമാണ് അവൻ ഉറപ്പ് നൽകിയിരിക്കുന്നത്. തന്നോട് യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകൾ കാണേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അവ കണ്ട് ഭയന്നാലോ എന്നാണ് അവൻ പേടിക്കുന്നത്. വിവരങ്ങൾ അവൻ തന്നെ അറിയിക്കാമെന്നും താൻ സുരക്ഷിതനാണെന്നും മകൻ പറഞ്ഞുവെന്ന് റസിയ ബീഗം വ്യക്തമാക്കി.

തെലങ്കാനയിലെ സലമ്പദ് ഗ്രാമത്തിലാണ് റസിയയുടെ വീട്. സമീപത്തെ സ്‌കൂളിലെ പ്രഥമാദ്ധ്യാപികയാണ് ഇവർ. അമനെ മടക്കിക്കൊണ്ടു വരണമെന്ന് റസിയ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. മകന്റെ സുരക്ഷയ്‌ക്ക് വേണ്ടി എല്ലായ്‌പ്പോഴും പ്രാർത്ഥിക്കുകയാണ് താനെന്ന് റസിയ പറയുന്നു.