കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 13 മണിക്കൂര്‍. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് രാത്രി 11.15ന് ആയിരുന്നു. അടുത്ത ആഴ്ച വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചത്.

രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടു. വരുന്ന ആഴ്ച ആദ്യം കൂടുതല്‍ രേഖകളുമായി ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സിഎം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇന്നലെ ഒന്‍പത് രേഖകളാണ് സി.എം രവീന്ദ്രനോട് ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാല് രേഖകള്‍ മാത്രമാണ് രവീന്ദ്രന്‍ ഹാജരാക്കിയത്. പാസ്പോര്‍ട്ട്, സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍, ബാങ്കിലെ ബാലന്‍സ് ഷീറ്റ്, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ബാങ്ക് വിവരങ്ങള്‍ എന്നിവയാണ് ഹാജരാക്കിയത്.

നാലാം തവണത്തെ ഇ.ഡി നോട്ടിസിലാണ് സി.എം രവീന്ദ്രന്‍ ഹാജരായത്. ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ആരോ​ഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് തവണയും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ നാലാം തവണ അയച്ച നോട്ടിസിലാണ് സിഎം രവീന്ദ്രന്‍ ഹാജരായത്.

ഇതിനിടെ, ചോദ്യം ചെയ്യല്‍ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. താന്‍ പ്രതിയല്ലെന്നും ചോദ്യം ചെയ്യല്‍ നോട്ടിസില്‍ കാരണമൊന്നും പറയുന്നില്ലെന്നും നോട്ടിസ് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രവീന്ദ്രന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കോവിഡ് രോഗം മാറിയിട്ടേയുള്ളൂവെന്നും തുടര്‍ച്ചയായി ചോദ്യം ചെയ്താല്‍ ആരോഗ്യത്തെ ബാധിക്കുമെന്നും കൂടുതല്‍ സമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നുമുള്ള രവീന്ദ്രന്റെ വാദം കോടതി തള്ളുകയായിരുന്നു. ഹര്‍ജിക്കാരന്റേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് കോടതി വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു.