ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവില്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്ക് ഇപ്പോഴുള്ള സര്‍ക്കാര്‍ ഇടപെടല്‍ പര്യാപ്തമല്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചരിത്രത്തിലാദ്യമായി ഇന്ത്യ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി 8.6 ശതമാനം ഇടിഞ്ഞതായാണ് ആര്‍ബിഐ വിലയിരുത്തല്‍. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9 ശതമാനമെന്ന അഭൂതപൂര്‍വമായ ഇടിവാണു മൊത്ത ആഭ്യന്തര ഉത്പാദനത്തി(ജിഡിപി)യിലുണ്ടായതായി വ്യക്തമാക്കുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി(എന്‍എസ്‌ഒ)ന്റെ കണക്ക് പുറത്തുവന്നതിനുപിന്നാലെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച്‌ ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇതിന് പിന്നാലെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്‌ഗാര്‍ യോജന കേന്ദ്രം അവതരിപ്പിച്ചിരുന്നു. മൂലധന ചെലവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച പുതിയ പദ്ധതി. 2,65,080 കോടി രൂപയുടെ ആത്മനിര്‍ഭര്‍ 3.0 ഉത്തേജക പാക്കേജിന്റെ ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആരോഗ്യ മേഖലയ്ക്കും മറ്റ് 26 മേഖലകളിലുള്ളവര്‍ക്കും ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്കീമും വീട് വാങ്ങുന്നവര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ക്കും ആനുകൂല്യങ്ങളും ഉള്‍പ്പെടുന്ന പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.