തിരുവനന്തപുരം: പൊലീസ് വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടനുകളും വാഹനത്തിനു മുന്നിലെ ബുള്‍ബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടനടി നീക്കം ചെയ്യണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്വകാര്യ വാഹനങ്ങളില്‍ നിന്ന് പൊലീസ് ഇവ നീക്കം ചെയ്യുകയും സര്‍ക്കാര്‍ വാഹനങ്ങളില്‍ അതെല്ലാം നിലനിര്‍ത്തുകയും ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഡിജിപി വ്യക്തമാക്കി.

ഇവയെല്ലാം മാറ്റിയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട പൊലീസ് വകുപ്പുകളുടെ മേധാവിക്കായിരിക്കും. കര്‍ട്ടനുകളും കറുത്ത ഫിലിമും സ്വകാര്യ വാഹനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനു പൊലീസ് നടപടിയെടുക്കുമ്ബോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇതെല്ലാം ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിന്‍ഡോ കര്‍ട്ടനുകള്‍ക്കും കറുത്ത ഫിലിമുകള്‍ക്കും കേന്ദ്ര മോട്ടര്‍ വാഹന ഭേദഗതി അനുസരിച്ച്‌ 5000 രൂപ വരെ പിഴ ഈടാക്കാനാകും. കാറുകളിലെ ഗ്ലാസില്‍ പതിച്ചിരുന്ന കറുത്ത ഫിലിമുകള്‍ നീക്കം ചെയ്യേണ്ടിവന്നത് സുപ്രീം കോടതി വിധി അനുസരിച്ചാണ്. ഇവയുടെ സ്ഥാനത്ത് കര്‍ട്ടനുകള്‍ സ്ഥാനം പിടിച്ചു.