കോവിഡ് 19 വാക്സിന്റെ ഫലപ്രാപ്തിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ മാനവ രാശിയെ സംബന്ധിച്ച്‌ ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. വാക്സിന്‍ കുത്തിവെപ്പിന് ബ്രിട്ടന്‍ അനുമതി നല്‍കിയതോടെ പുതിയ ഒരു ചരിത്രത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വാക്സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ കാത്തിരിക്കുന്നതിനോടൊപ്പം തന്നെ ഇതു സംബന്ധിച്ച്‌ നിരവധി ആശങ്കകളും ഉയരുന്നുണ്ട്. വാക്സിന്റെ പാര്‍ശ്വ ഫലങ്ങളേക്കുറിച്ചുള്ള ആശങ്കയാണ് അതില്‍ പ്രധാനം.

ഇത്തരം ആശങ്കകള്‍ നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാക്സിന്‍ എത്തുന്നതിന് മുന്‍പ് തന്നെ പാര്‍ശ്വഫലങ്ങളേക്കുറിച്ച്‌ ശരിയായ അറിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തരമായി ചെയ്യേണ്ടത്.

കോടിക്കണക്കിന് ആളുകളാണ് വരും ദിവസങ്ങളില്‍ കോവിഡ് വാക്സിനുകള്‍ സ്വീകരിക്കാന്‍ പോകുന്നത്, അവരില്‍ പലര്‍ക്കും എന്തെങ്കിലും വിഷമതകള്‍ അനുഭവപ്പെട്ടേക്കാം. ഇതിന് ഒരു പക്ഷേ വാക്സിനുമായി ബന്ധമില്ലെങ്കിലും വാക്സിനുമായി ബന്ധപ്പെടുത്തിയായിരിക്കും ഊഹാപോഹങ്ങള്‍ പ്രചരിക്കുക.

കോവിഡ് വാക്സിന്‍ വരുന്നതിന് മുന്‍പെ, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഹൃദയാഘാതം, വൃക്കസംബന്ധമായ അസുഖം, കരള്‍ തകരാറ്, മലേറിയ, ഡെങ്കി തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നു. അതുപോലെ, വാക്സിന്‍ സ്വീകരിച്ചതിന് ശേഷവും പലര്‍ക്കും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ഇതിന് വാക്സിനുമായി യാതൊരു ബന്ധവുമില്ല. എങ്കിലും വാക്സിനുമായി ബന്ധപ്പെടുത്തി ഇത്തരം സംഭവങ്ങളെ വാക്സിന് വിരുദ്ധര്‍ പെരുപ്പിച്ച്‌ കാണിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ചില പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാറുണ്ട്. വാക്സിന്റെ ഫലപ്രാപ്തിയേക്കുറിച്ച്‌ പഠനം നടത്തുമ്ബോള്‍ പാര്‍ശ്വ ഫലത്തേക്കുറിച്ചും ഗവേഷകര്‍ ബോധവാന്മാരാണ്. വാക്സിന്‍ വിതരണത്തിനുള്ള ലൈസന്‍സ് ലഭിക്കണമെങ്കില്‍ തന്നെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച്‌ കൃത്യമായി വിവരങ്ങള്‍ അധികൃതരെ ധരിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മുന്‍കൂട്ടി അറിയാവുന്ന പാര്‍ശ്വ ഫലങ്ങള്‍ മാത്രമെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ളു.

പ്രതിരോധ കുത്തിവയ്പ്പിന് ശേഷമുള്ള മണിക്കൂറുകള്‍, ദിവസങ്ങള്‍, ആഴ്ചകള്‍ എന്നിവയില്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ സാധാരണമാണ്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ സാധാരണമല്ലെന്ന് നിരവധി മാസങ്ങളായി തുടരുന്ന വാക്സിനേഷന്‍ പരീക്ഷണങ്ങള്‍ ഉറപ്പുനല്‍കുന്നു. കോവിഡ് -19 വാക്സിനുകള്‍ ശ്രദ്ധേയമായ വേഗതയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും, അതിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് എല്ലാ വാക്സിന് കമ്ബനികളും ഉറപ്പ് നല്‍കുന്നുണ്ട്.

ഒരു വാക്സിന്‍ ലൈസന്‍സ് നേടുന്നതിന് മുമ്ബ്, ഇതു സംബന്ധിച്ചുള്ള ഡാറ്റ പരിശോധിക്കുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞര്‍ മാത്രമല്ല. മറിച്ച്‌ സര്‍ക്കാരിന് കീഴിലെ ശാസ്ത്രജ്ഞരും സ്വതന്ത്ര ശാസ്ത്രജ്ഞരും ഈ ഡാറ്റ സംബന്ധിച്ച്‌ കൃത്യമായ അവലോകനങ്ങള്‍ നടത്തും. ലൈസന്‍സ് നേടി വാക്സിന്‍ പുറത്തിറക്കിയതിനുശേഷവും കര്‍ശനമായ സുരക്ഷാ നിരീക്ഷണം ഉണ്ടാകും.

കോവിഡ് -19 വാക്സിനുകള്‍ക്കായുള്ള ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ച്‌ ദി ലാന്‍സെറ്റ് (ഓക്സ്ഫോര്‍ഡ്-അസ്ട്ര സെനേക്ക വാക്സിന്‍), ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ (മോഡേണ വാക്സിന്‍), നേച്ചര്‍ (ഫൈസര്‍-ബയോടെക് വാക്സിന്‍) എന്നിവയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത് രൂക്ഷമായ പാര്‍ശ്വഫലങ്ങളൊന്നും കോവിഡ് വാക്സിന് ഇല്ലാ എന്നാണ്. എന്നാല്‍ അത്ര പ്രശ്നമല്ലാത്ത ചില പാര്‍ശ്വ ഫലങ്ങള്‍ കാണാനാകും

വാക്സിനേഷന്‍ പ്രക്രിയയുടെ ഭാഗമാണ് ഈ പാര്‍ശ്വഫലങ്ങള്‍. ജിമ്മില്‍ പോകുന്നവരുടെ അവസ്ഥ നമുക്ക് അറിയാം. നല്ല മസില്‍ ഉണ്ടാകുവാന്‍ വേണ്ടിയാണ് നമ്മള്‍ ജിമ്മില്‍ പോകുന്നത്. ജിമ്മില്‍ പോകുന്ന ആദ്യ ഘട്ടങ്ങളില്‍ നമുക്ക് വലിയ രീതിയില്‍ പേശിവേദനയും ക്ഷീണവുമൊക്കെ തോന്നാറുണ്ട്. നമ്മുടെ ശരീരം കരുത്ത് നേടണമെങ്കില്‍ ഇത്തരത്തിലുള്ള വേദനകള്‍ സഹിച്ചേ മതിയാകു. ഇതു പോലെ തന്നെയാണ് നമ്മുടെ ശരീരം രോഗ പ്രതിരോധ ശേഷി നേടുന്നതും. വാക്സിന്‍ കുത്തിവെപ്പിലൂടെ പ്രതിരോധ ശേഷി നേടാന്‍ ഒന്നോ രണ്ടോ ദിവസത്തെ നേരിയ അസ്വസ്ഥതകള്‍ നമ്മള്‍ അനുഭവിക്കേണ്ടതുണ്ട്.

വാക്സിന്‍ കുത്തിവച്ച സ്ഥലത്ത് വേദന, ചുവന്ന് തടിക്കുക, നീര്‍വീക്കം, ശരീരവേദന, പേശി വേദന, തലവേദന, ക്ഷീണം, പനി, ഛര്‍ദ്ദി തുടങ്ങിയ സാധാരണ പാര്‍ശ്വഫലങ്ങളാണ് വാക്സിന്‍ സ്വീകരിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകുക. ഈ പാര്‍ശ്വഫലങ്ങള്‍ സൂചിപ്പിക്കുന്നത് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശരീരം ശക്തമായി ഒരുങ്ങിയെന്നാണ്. ഓവര്‍ ദ കൗണ്ടര്‍ മരുന്നുകള്‍ ഉപയോഗിച്ച്‌ ഇത്തരം പ്രശ്നങ്ങളെ നേരിടാനും കഴിയും.

അപൂര്‍വ്വമായി, ചില വാക്സിനുകള്‍ കഠിനമായ അലര്‍ജി , കോച്ചിപ്പിടുത്തം പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ തുടങ്ങിയ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ വളരെ വിരളമായി മാത്രമെ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഇവിടെ നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം ഒരു വിറ്റാമിന്‍ പോലും ചില സമയങ്ങളില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട് എന്നതാണ്.

വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്.