ഡല്‍ഹി: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച അരുണാചല്‍ പ്രദേശ് പോലീസിലെ എല്ലാ ഉദ്യോഗസ്ഥരും ഇപ്പോള്‍ പൂര്‍ണമായി സുഖം പ്രാപിച്ചുവെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് ബാധിച്ച 883 പൊലീസുകാര്‍ സുഖം പ്രാപിച്ചെന്നാണ് അരുണാചല്‍ പ്രദേശ് ഡി. ഐ. ജി. പി മധുര്‍ വര്‍മ വ്യക്തമാക്കുന്നത്.

അരുണാചല്‍ പ്രദേശ് പോലീസ് കോവിഡ് മുക്തമായത് അങ്ങേയറ്റം സന്തോഷകരമാണ്. അവസാനത്തെ കോവിഡ് പോസറ്റീവ് കേസും നെഗറ്റീവ് ആയി മാറി. കോവിഡിനെതിരെയുള്ള ജാഗ്രതയും മുന്‍കരുതലും തുടരുമെന്നും വര്‍മ ട്വീറ്റ്ചെയ്തു.

മുഖ്യമന്ത്രി പെമ ഖണ്ടുവും പൊലീസ് ഡിപ്പാര്‍ട്ട്മെന്‍്റിനെ അഭിനന്ദിച്ച്‌ രംഗത്ത് വന്നിട്ടുണ്ട്.

സംസ്ഥാനത്ത് 234 കേസുകളാണ് നിലവിലുള്ളത്. 16,264 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 55 പേര്‍ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.