തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉടന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കും.

ഒന്‍പത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്. ജനുവരിയോടെ സ്‌കൂളുകള്‍ തുറക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കും.

പത്ത്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജനുവരി ആദ്യ വാരത്തില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യത്തിലും പിന്നീടേ തീരുമാനിക്കൂ. പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷയുണ്ടായിരിക്കും. പരീക്ഷയ്‌ക്ക് തയ്യാറാകേണ്ടതിനാലാണ് ജനുവരി ആദ്യ വാരത്തില്‍ പത്ത്, പ്ലസ് ടു ക്ലാസുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നത്.

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ എല്ലാവര്‍ക്കും ഓള്‍പാസ് നല്‍കിയേക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒന്‍പതാം ക്ലാസ് വരെയുള്ളവര്‍ക്ക് സ്‌കൂളുകളില്‍ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തല്‍.