കണ്ണൂര്‍: കൊലക്കേസ് പ്രതിയുടെ കാമുകിയെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പതാപറമ്പില്‍ നീതു പി.ബേബി (29) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടമ്മയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ ബിനോയിയെ സമീപത്തു തന്നെ തൂങ്ങിയ നിലയില്‍ കണ്ടെത്തി. പരുക്കേറ്റ ബിനോയിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണു സംഭവം. തങ്ങള്‍ തൂങ്ങി മരിക്കുകയാണെന്നു നീതു പലരെയും വിളിച്ചു പറഞ്ഞിരുന്നു. വിവരം പൊലീസിനെ അറയിച്ചതിനെ തുടര്‍ന്നു ടവര്‍ ലൊക്കേഷന്‍ എടുത്തു നാട്ടുകാരും പൊലീസും ചേര്‍ന്നു തിരച്ചില്‍ നടത്തി.

നീതുവിന്റെ വീടിനു സമീപം ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ചെറുപുഴ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. നീതു സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ബിനോയ് അപകടനില തരണം ചെയ്തു.

ജോസ്ഗിരി പൊട്ടക്കല്‍ റാഹേല്‍ (72)നെ കുത്തിക്കൊലപ്പെടുത്തുകയും, ഭര്‍ത്താവ് പൗലോസ് (78), മകന്‍ ഡേവിഡ് (47) എന്നിവരെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ബിനോയ്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു റാഹേലിനെ കുത്തിക്കൊലപ്പെടുത്തിയത്. പൗലോസിന്റെ സഹോദരപുത്രനാണു പ്രതി ബിനോയി. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണു ബിനോയി. ഈ കേസില്‍ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് അക്രമം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ പൗലോസ് ചികിത്സയിലാണ്.