ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട് കുടുംബ കോടതിയുടെ വിചിത്ര വിധി. മാസം ആയിരം രൂപ വീതം പെന്‍ഷന്‍ തുകയില്‍ നിന്ന് ജീവനാംശം നല്‍കാന്‍ ഭാര്യയോടാണ് കോടതി ആവശ്യപ്പെട്ടത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരിയാണ് ഭാര്യ.

മുസഫര്‍നഗറിലെ കുടുംബ കോടതിയാണ് ഭര്‍ത്താവിന് അനുകൂലമായി വിധിച്ചത്. ഇരുവരും വര്‍ഷങ്ങളായി പിരിഞ്ഞു കഴിയുകയാണ്. ജീവനാംശം ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി അനുവദിച്ച്‌ കൊണ്ടാണ് കുടുംബ കോടതിയുടെ ഉത്തരവ്.

1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച്‌ 2013ലാണ് ഭര്‍ത്താവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബുധനാഴ്ചയാണ് ഭര്‍ത്താവിന് അനുകൂലമായി കോടതി വിധിച്ചത്. മാസംതോറും ആയിരം രൂപ വീതം പെന്‍ഷന്‍ തുകയില്‍ നിന്ന് ജീവനാംശമായി നല്‍കാനാണ് ഭാര്യയോട് കോടതി ഉത്തരവിട്ടത്. നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ഭാര്യയ്ക്ക് പ്രതിമാസം 12000 രൂപയാണ് പെന്‍ഷന്‍ തുകയായി ലഭിക്കുന്നത്.