തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിരിച്ചടി. ആറു കോർപറേഷനുകളിൽ തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും മികച്ച വിജയം നേടിയ എൽഡിഎഫ് കൊച്ചി കോർപറേഷനിൽ വലിയ ഒറ്റകക്ഷിയായി. തൃശൂരിൽ ഇരുമുന്നണികളും തമ്മിൽ നേരിയ വ്യത്യാസം മാത്രം. ജില്ലാ പഞ്ചായത്തിൽ 4 ഇടത്തു മാത്രമേ യുഡിഎഫിനു വിജയിക്കാനായുള്ളൂ. ബ്ലോക്കിലും ഗ്രാമപഞ്ചായത്തു തലത്തിലും യുഡിഎഫ് പിന്നിലായി.

മികച്ച വിജയം പ്രതീക്ഷിച്ച യുഡിഎഫിനു കനത്ത തിരിച്ചടിയാണ് ലഭിച്ചത്. വിവാദങ്ങൾ ശക്തമായി നിന്നിട്ടും മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയാത്തത് മുന്നണിയെ ഞെട്ടിച്ചു. ശക്തികേന്ദ്രങ്ങളിൽ മിക്കവയിലും കാലിടറി. പരാജയത്തിനു പിന്നാലേ, പ്രവർത്തനത്തിലെ പോരായ്മയും ഗ്രൂപ്പ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നേതാക്കൾ രംഗത്തെത്തി തുടങ്ങിയത് വരാനിരിക്കുന്ന പടയൊരുക്കത്തിന്റെ സൂചനയായി. രമേശ് ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും നേതൃത്വത്തിനെതിരെയും വിമർശനങ്ങളുയരും.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ സജീവമാക്കിയില്ലെങ്കിൽ തിരിച്ചടി ആവർത്തിക്കാമെന്ന് നേതൃത്വത്തിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പ്രതിഷേധം ശക്തമായാൽ സംഘടനാ തലത്തിൽ അഴിച്ചുപണികളിലേക്കും പാര്‍ട്ടിക്കു കടക്കേണ്ടിവരും. ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ നിർദേശങ്ങൾക്കു വഴങ്ങേണ്ട സാഹചര്യവുമുണ്ടാകും. പ്രദേശിക വിഷയങ്ങളേക്കാൾ വിവാദങ്ങളെ ആശ്രയിച്ചതിലെ ശരിതെറ്റുകളും പരിശോധനയ്ക്കു വിധേയമാകുന്ന അന്തരീക്ഷമാണ് മുന്നണിയിൽ.

ജോസ് വിഭാഗത്തിന്റെ വഴിപിരിയൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ നഷ്ടമാണ് മുന്നണിക്കുണ്ടാക്കിയത്. നേതൃത്വത്തിന് ഇതിലുള്ള പങ്ക് ചോദ്യം ചെയ്യപ്പെടാം. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്കു പോയതോടെ വലിയ രീതിയിലുള്ള വോട്ടു ചോർച്ച യുഡിഎഫിനുണ്ടായി. ഒരു ജില്ലാ പഞ്ചായത്തിന്റെ പേരിൽ ജോസ് വിഭാഗത്തെ പിണക്കണമായിരുന്നോ എന്ന ചോദ്യം തിരഞ്ഞെടുപ്പിനു മുൻപ് തന്നെ മുന്നണിയിൽ ഉയർന്നിരുന്നതാണ്. പി.ജെ.ജോസഫിനോടുള്ള കോൺഗ്രസിന്റെ സമീപനവും പുനപരിശോധനയ്ക്കു വിധേയമാകും.

വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണകളുടെപേരിലും മുന്നണിയിൽ തർക്കങ്ങളുണ്ടാകാം. സഖ്യത്തെ കെ.മുരളീധരന്‍ അനുകൂലിച്ചപ്പോൾ അതിനെ തള്ളി മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും മുരളീധരനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പരാജയത്തിൻറെ പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ട സാഹചര്യമാണ് മുന്നണിക്കുള്ളത്. ഫലം ചർച്ച ചെയ്യാൻ നാളെ രാഷ്ട്രീയകാര്യസമിതി യോഗം ചേരും.