മുംബൈ: മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി കങ്കണയ്ക്കും സഹോദരി രങ്കോലി ചന്ദേലിനുമെതിരെ കേസെടുക്കാന്‍ മുംബൈ കോടതി ഉത്തരവിട്ടു. ബാദ്ര മജിസ്‌ട്രേറ്റ് മെട്രോപോളിറ്റന്‍ കോടതിയാണ് എഫ്‌ഐആര്‍ തയ്യാറാക്കാന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കങ്കണയും സഹോദരിയും ശ്രമിച്ചു എന്ന പരാതിയിലാണ് കേസ് എടുക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് .ട്വീറ്റുകളിലൂടെ വിദ്വേഷവും വര്‍ഗ്ഗീയതയും പടര്‍ത്താന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. സിനിമയിലെ കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നെസ് ട്രെയിനറുമായ മുന്നവറലി സയ്യദ് ആണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കങ്കണയ്ക്കും സഹോദരിക്കുമെതിരെ പരാതി കൊടുക്കുകയുണ്ടായത്.

പരാതി പരിശോധിച്ചപ്പോള്‍ ആരോപണ വിധേയയായ കങ്കണ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രദമ ദൃഷ്ട്യാ മനസിലായതെന്ന് കോടതി പറഞ്ഞു. ‘ട്വിറ്ററിലും അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങളിലാണ് ആരോപണങ്ങളുള്ളത്. ആരോപണ വിധേയ ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ വിദഗ്ധ അന്വേഷണം അനിവാര്യമാണ്’, മെട്രോപോളിറ്റന്‍ ജമിസ്‌ട്രേറ്റ് ജയ്ദിയോ ഖുലേ ഉത്തരവില്‍ പറയുന്നു.