ന്യൂഡല്‍ഹി: എയിംസിലെ നഴ്‌സുമാരുടെ പണിമുടക്ക് വിലക്കി ഡല്‍ഹി ഹൈക്കോടതി. സമരം അവസാനിപ്പിച്ച്‌ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കോടതി നഴ്‌സുമാരോട് നിര്‍ദ്ദേശിച്ചു. കൊറോണ കാലമാണെന്നും അതിനാല്‍ പണിമുടക്ക് അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു. സമരത്തിനെതിരെ എയിംസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് നവീന്‍ ചൗളാണ് ഉത്തരവിട്ടത്. ജനുവരി 18ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

ശമ്ബള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി 5000 നഴ്‌സുമാരാണ് തിങ്കളാഴ്ച്ച മുതല്‍ സമരത്തിനിറങ്ങിയത്. നഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ എയിംസ് ഭരണസമിതി 170 നഴ്‌സുമാരെ താല്‍ക്കാലികമായി നിയമിച്ചിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തില്‍ എയിംസില്‍ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ശമ്ബള കമ്മീഷന്റെ അപാകതകള്‍ പരിഹരിക്കുക, കരാര്‍ പുനസ്ഥാപിക്കുന്നത് മാറ്റിവയ്ക്കുക, നഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നതില്‍ ലിംഗാധിഷ്ഠിത സംവരണം നിര്‍ത്തലാക്കുക തുടങ്ങിയ 23 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. കഴിഞ്ഞ മാസം സമരത്തിന് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അനശ്ചിതകാല സമരത്തിലേക്ക് കടന്നത്.