ഡല്‍ഹി: കോവിഡ് വാക്‌സിനേഷന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിക്കഴിഞ്ഞ രാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ യു.കെയില്‍ ആദ്യ ദിവസംതന്നെ പ്രതികൂല സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വാക്‌സിനേഷന് പിന്നാലെ ഉണ്ടാകുന്ന പ്രതികൂല സംഭവങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. രാജ്യവ്യാപക വാക്‌സിനേഷന്‍ പരിപാടികള്‍ നാം ദശാബ്ദങ്ങളായി നടത്തിവരുന്നതാണ്. ഇവയ്ക്ക് പിന്നാലെ കുട്ടികളിലും ഗര്‍ഭിണികളിലും ചില പ്രതികൂല ഫലങ്ങള്‍ കണ്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
29,000 കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍, 240 വാക്ക് ഇന്‍ കൂളറുകള്‍, 70 വാക്ക് ഇന്‍ ഫ്രീസറുകള്‍, 45,000 ഐസ് ലൈന്‍ഡ് റെഫ്രിജറേറ്ററുകള്‍, 41,000 ഡീപ്പ് ഫ്രീസറുകള്‍, 300 സോളാര്‍ റെഫ്രിജറേറ്ററുകള്‍ തുടങ്ങിയവയാണ് വാക്‌സിന്‍ വിതരണത്തിനായി ഉപയോഗിക്കുന്നത്. ഇവയെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. രാജ്യത്തെ കേസ് പെര്‍ മില്യണ്‍ ലോകത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 7178 ആണ് ഇന്ത്യയിലെ കേസ് പെര്‍ മില്യണ്‍. 9000 ആണ് ആഗോള ശരാശരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.