ജൊഹാനസ്ബര്‍ഗ്: ആഫ്രിക്കന്‍ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി എംബ്രോസ് ഡലമീനി (52) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. വൈറസ് ബാധ സ്ഥീരീകരിച്ച നാലാഴ്ച പിന്നിടുമ്പോഴാണ് മരണം. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
2018 ഒക്ടോബര്‍ മുതല്‍ എസ്വാട്ടീനിയുടെ പ്രധാനമന്ത്രിയാണ് എംബ്രോസ് ഡലമീനി. ബാങ്കിങ് മേഖലയില്‍ 18 വര്‍ഷം പ്രവര്‍ത്തിച്ച വ്യക്തിയാണ്.
പത്ത് ലക്ഷം ജനങ്ങളുള്ള എസ്വാട്ടീനിയില് 6,768 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 127 മരണങ്ങളും കോവിഡ് മൂലം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം 16നാണ് താന്‍ കോവിഡ് ബാധിതനാണെന്ന് എംബ്രോസ് ഡലമീനി അറിയിച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യവാനാണെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഡിസംബര്‍ ഒന്നിന് അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് എസ്വാട്ടീനി സര്‍ക്കാര്‍അറിയിച്ചു.