ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ക്വയര്‍ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് സമീപം വെടിയുതിര്‍ത്ത ആളെ പൊലീസ് വെടിവച്ച്‌ കൊന്നു. സെന്‍റ് ജോണ്‍ ദ് ഡിവൈന്‍ കത്രീഡലിന് സമീപമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ മറ്റാര്‍ക്കും പരുക്കില്ല.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് വെടിവെപ്പ് നടന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ 200 ഓളം പേരാണ് കത്രീഡലിന് മുന്നില്‍ ക്വയര്‍ കേള്‍ക്കാനായി എത്തിയിരുന്നത്.

ക്വയര്‍ സമാപ്പിച്ചതിന് പിന്നാലെ അക്രമി തോക്കുമായെത്തി. അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളോട് തോക്ക് താഴെ ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് പൊലീസും അക്രമിയും തമ്മില്‍ വെടിവെപ്പുണ്ടാവുകയും അക്രമി കൊല്ലപ്പെടുകയുമായിരുന്നു.

അക്രമിയുടെ കയ്യില്‍ നിന്നും രണ്ട് തോക്കുകളും, ഗ്യാസ് ക്യാന്‍, കത്തി എന്നിവയും പൊലീസ് കണ്ടെത്തി. തോക്കുമായെത്തിയ അക്രമി എട്ട് തവണയോളം വെടിവെച്ചതായും തന്നെ വെടി വെയ്ക്കാന്‍ പൊലീസിനെ വെല്ലുവിളിച്ചതായും ദൃസാക്ഷികള്‍ പറഞ്ഞു.