കോഴിക്കോട്: എലിയറമല സംരക്ഷണസമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യആസൂത്രകന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍  മാങ്ങോട്ടുവീട്ടില്‍ എം.സി. അന്‍സാര്‍ (34) കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നേടിയ മുന്‍കൂര്‍ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. അന്‍സാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചേവായൂര്‍ പോലീസ് ഹൈക്കോടതിയില്‍ പ്രത്യേകം അപേക്ഷ നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു. വളരെ ഗൗരവമുള്ള കേസാണിതെന്നും സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആകുന്നില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണ് കോടതിയുടെ നടപടി. മുന്‍കൂര്‍ ജാമ്യം നേടിയ ഇയാള്‍ ഒളിവിലാണ്. ഇയാളെ ചോദ്യം ചെയ്താല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. കൂടുതല്‍ അറസ്റ്റും ഉണ്ടാകും.

കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ മായനാട് നടപ്പാലം പുനത്തില്‍ വീട്ടില്‍ അബ്ദുള്ള (38),  ചായിച്ചംകണ്ടി വീട്ടില്‍ അബ്ദുള്‍ അസീസ് (34) എന്നിവരെ സപ്തംബര്‍ എട്ടിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

2019 ഒക്ടോബര്‍ 12ന് രാത്രിയാണ് എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് അക്രമികള്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ചത്. അക്രമിസംഘത്തിലെ ഒരാള്‍ പട്ടര്‍പാലത്തു നിന്ന് പറമ്ബില്‍ ബസാറിലേക്ക് ഒട്ടോറിക്ഷ ഓട്ടം വിളിക്കുകയും മറ്റുള്ളവര്‍ പിന്നാലെ ബൈക്കിലെത്തി അക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജി മാസങ്ങളോളം ചികിത്സയിലായിരുന്നു. കേസ് വിവരങ്ങള്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സംസ്ഥാന രഹസ്യന്വേഷണ വിഭാഗത്തിലെ രണ്ടു പേരെ മലപ്പുറം എംഎസ്പി ക്യാമ്ബിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് മുഖ്യആസൂത്രകനായ അന്‍സാര്‍ കോടതിയെ സമീപിച്ച്‌ മുന്‍കൂര്‍ ജാമ്യം നേടിയതെന്നാണ് കരുതുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഔദ്യോഗിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്.