കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനാസ്ഥയില്‍ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു കുടുംബം കൂടി പൊലീസില്‍ പരാതി നല്‍കി. ആലുവ കുന്നുകര സ്വദേശി ജമീലയുടെ മകന്‍ ആണ് പരാതി നല്‍കിയത്.

അധികൃതരുടെ അനാസ്ഥയാണ് ജമീലയുടെ മരണകരണമെന്ന് പരാതിയില്‍ പറയുന്നു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ കുടുംബവും ആലുവ സ്വദേശി ബൈഹക്കിയുടെ കുടുംബവും നേരത്തെ പരാതി നല്‍കിയിരുന്നു. ഇതോടെ പൊലീസില്‍ പരാതി നല്‍കിയവരുടെ എണ്ണം മൂന്നായി.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ മരണം സംബന്ധിച്ച്‌, കളശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം സര്‍ക്കാര്‍ തലത്തില്‍ നടക്കേണ്ട അന്വേഷണം സംബന്ധിച്ച്‌ ഇന്ന് കൂടുതല്‍ വ്യക്തത വരും.

ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ ആരോപണം കൂടി കണക്കിലെടുത്ത് മെഡിക്കല്‍ കോളേജിന് പുറത്ത് നിന്നുള്ളവര്‍ അന്വേഷണം നടത്തണമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ.