കേരളത്തില്‍ മൂന്നാംഘട്ട പോളിം​ഗ് അവസാനിച്ചു. വടക്കന്‍ ജില്ലകളില്‍ 77.64 ആണ് പോളിം​ഗ് ശതമാനം. കാസര്‍​ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടിയത്.

ജില്ല തിരിച്ചുള്ള പോളിം​ഗ് ശതമാനം-

കാസര്‍ഗോഡ് – 76. 19

കണ്ണൂര്‍ – 77.41

കോഴിക്കോട് – 77.87

മലപ്പുറം – 78.05

നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

അതിനിടെ ചില പ്രദേശങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി. മലപ്പുറം പെരുമ്ബടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറാ അഹമ്മദിന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. താനൂര്‍ നഗരസഭയിലെ പതിനാറാം ബൂത്തിലും സംഘര്‍ഷം ഉണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമി റഹ്മാന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് നാദാപുരത്തും യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.