തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം.

പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ എസ്.വി പ്രദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്.