ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 4 വിക്കറ്റ് വിജയം നേടി സിഡ്നി തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 20 ഓവറില്‍ 178 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡാനിയേല്‍ സാംസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ തണ്ടര്‍ 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി വിജയം കുറിച്ചു.

ഒരു ഘട്ടത്തില്‍ 80/5 എന്ന നിലയിലേക്ക് വീണ തണ്ടറിനെ ബെന്‍ കട്ടിംഗ്-ഡാനിയേല്‍ സാംസ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 69 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ന്നത് 29 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ് പുറത്തായപ്പോളാണ്.

എന്നാല്‍ ഏഴ് സിക്സുകളുടെ അകമ്പടിയോടെ 25 പന്തില്‍ നിന്ന് 65 റണ്‍സുമായി ഡാനിയേല്‍ സാംസ് മത്സരഗതിയെ മാറ്റി മറിയ്ക്കുകയായിരുന്നു. ഉസ്മാന്‍ ഖവാജ(17), അലെക്സ് റോസ്(34),ബാക്സ്റ്റര്‍ ഹോള്‍ട്ട്(23) എന്നിവരാണ് തണ്ടറിനായി റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ജാക്ക് വൈല്‍ഡര്‍മത്ത് മന്ന് വിക്കറ്റ് നേടിയെങ്കിലും മറ്റു ബൗളര്‍മാര്‍ക്കാര്‍ക്കും സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയത് ബ്രിസ്ബെയിന് തിരിച്ചടിയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് ക്രിസ് ലിന്‍(69), ജാക്ക് വൈല്‍ഡര്‍മത്ത്(11 പന്തില്‍ 31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 178 റണ്‍സ് നേടിയത്. ഡാനിയേല്‍ സാംസും ജോനാഥന്‍ കുക്കും രണ്ട് വീതം വിക്കറ്റും മത്സരത്തില്‍ നേടി.