ഭോപ്പാല്‍ : മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ച അച്ഛനെ മകള്‍ അടിച്ചുകൊലപ്പെടുത്തി . ഭോപ്പാലില്‍ താമസിക്കുന്ന 16 വയസ്സുകാരിയാണ് വീട്ടില്‍വെച്ച്‌ അച്ഛനെ അടിച്ചുകൊന്നത് . സംഭവത്തിന് ശേഷം പെണ്‍കുട്ടി തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു .

45-കാരനായ അച്ഛന്‍ സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു . ഇയാള്‍ ജോലിക്കും പോയിരുന്നില്ല . മൂത്തമകന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത് . ബുധനാഴ്ച വൈകീട്ടും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി . മകന്റെ വിവാഹകാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വഴക്കും അക്രമവും ഉണ്ടായത് . ഇതിനിടെയാണ് മകള്‍ അച്ഛനെ അടിച്ചു കൊന്നത് . തലയ്ക്കും മറ്റും മാരകമായി പരിക്കേറ്റ 46-കാരന്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ കൊല്ലപ്പെട്ടു .

പിതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ 16 കാരിയായ പെണ്‍കുട്ടി സ്വയം പോലീസ് കണ്‍ട്രോള്‍ റൂം നമ്ബറില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു . താന്‍ അച്ഛനെ കൊലപ്പെടുത്തിയെന്നും അറസ്റ്റിനായി കാത്തിരിക്കുകയാണെന്നുമാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത് . തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . സംഭവത്തില്‍ കേസെടുത്തതായും പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു