ചാലക്കുടി: യുവതിയെ എയര്‍ഗണ്‍ കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്.

ചാലക്കുടി പള്ളിപ്പാടന്‍ നിറ്റോയാണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്. മുപ്പത്തിയൊന്നു വയസായിരുന്നു. കഴിഞ്ഞ ഒരു മാസമായി വൈപ്പിന്‍ സ്വദേശി സ്വീറ്റിയ്ക്കൊപ്പമായിരുന്നു താമസം.

ഇരുവരും തമ്മില്‍ വഴക്കിനിടെ രണ്ടു തവണ ആക്രമണമുണ്ടായി. എയര്‍ഗണ്‍ കൊണ്ട് തലയ്ക്കടിച്ച്‌ പരുക്കേല്‍പിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയി. ചാലക്കുടി വെട്ടുക്കടവ് പാലത്തിനോട് ചേര്‍ന്നുള്ള കടവില്‍ നിന്ന് നിറ്റോ ചാടുന്നത് ആളുകള്‍ കണ്ടിരുന്നു. ആഴം കൂടിയ ഭാഗത്താണ് ചാടിയത്.
ഇവിടെ ആളുകള്‍ കുളിക്കാന്‍ ഇറങ്ങാറില്ല. ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കണ്ടെടുത്തു. യുവതി അപകടനില തരണം ചെയ്തു. തലയ്ക്കു ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിറ്റോ അവിവാഹിതനാണ്.