ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ അനന്തര ഫലമുണ്ടാകുമെന്ന ഭീഷണിയുമായി ഇ-മെയില്‍. ഫ്‌ളോറിഡയും പെന്‍സില്‍വാനിയയുമടക്കമുള്ള സ്ഥലങ്ങളിലെ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്ക് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ ലഭിച്ചു. ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും പിന്നാലെ വന്ന് ഉപദ്രവിക്കും എന്നെല്ലാമുള്ള ഭീഷണികളാണ് വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. തീവ്ര വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടാണ് മെയിലുകള്‍ അയച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ ”ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ വരും” എന്നാണ് മുന്നറിയിപ്പ്.