ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ ബിജെപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. ജില്ലാ വികസന സമിതിയിലേക്കുള്ള ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. എല്ലാവരെയും രക്ഷപ്പെടുത്തി.

ഞായറാഴ്ചയാണ് അപകടം നടന്നത്. തണുത്ത് വിറച്ചു കിടക്കുന്ന ദാല്‍ തടാകത്തില്‍ ചുരുങ്ങിയത് നാലു ബിജെപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമാണ് അപകടത്തില്‍പ്പെട്ടത്. ശിക്കാര കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായുള്ള റാലിയുടെ അവസാനഘട്ടത്തില്‍ തീരത്തോട് ചേര്‍ന്നാണ് അപകടം ഉണ്ടായത്. പ്രദേശവാസികളും സംസ്ഥാന ദുരന്തനിവാരണ സേനയിലെ അംഗങ്ങളുമാണ് ബിജെപി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും രക്ഷിച്ചത്.
ശിക്കാര റാലിക്ക് നേതൃത്വം നല്‍കിയിരുന്നത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ്. ജില്ലാ വികസന സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചുമതല വഹിക്കുന്നത് അനുരാഗ് താക്കൂറാണ്. മുതിര്‍ന്ന ബിജെപി നേതാവ് ഷാനവാസ് ഹുസൈനും റാലിയില്‍ പങ്കെടുത്തിരുന്നു.

ശിക്കാരയില്‍ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. തീരത്ത് അടുക്കാന്‍ പോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞതെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.