ജനുവരിയില്‍ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട് ഓസില്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന നല്‍കി ആഴ്‌സണല്‍ പരിശീലകന്‍ അര്‍ടെറ്റ. മാര്‍ച്ച്‌ മുതല്‍ പ്രീമിയര്‍ ലീഗിലോ യൂറോപ്പ ലീഗിലോ മെസ്യൂട് ഓസില്‍ ആഴ്‌സണലിന് വേണ്ടി കളിച്ചിട്ടില്ല. നിലവില്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലുള്ള ആഴ്‌സണലിന് വേണ്ടി താരത്തെ കളിപ്പിക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ പതിനഞ്ചാം സ്ഥാനത്താണ്.

ബേണ്‍ലിക്കെതിരെയുള്ള മത്സരത്തിന് മുന്‍പുള്ള പത്രസമ്മേളനത്തിലാണ് ഓസില്‍ ജനുവരിയില്‍ ടീമിലേക്ക് മടങ്ങി വരാനുള്ള സാധ്യതയെ കുറിച്ച്‌ അര്‍ടെറ്റ മനസ്സ് തുറന്നത്. നിലവില്‍ മെസ്യൂട് ഓസില്‍ ആഴ്‌സണല്‍ ടീമില്‍ ഇല്ലെന്നും എന്നാല്‍ ജനുവരിയാവാന്‍ ദിവസങ്ങള്‍ ബാക്കിയുണ്ടെന്നും എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അര്‍ടെറ്റ പറഞ്ഞു.