തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കൊല്ലം സ്വദേശിയായ റൗഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. നേതാവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ പേരും.
ശനിയാഴ്ച പുലര്‍ച്ചെ മസ്കറ്റില്‍ നിന്നെത്തിയതായിരുന്നു റൗഫ് ഷെരീഫ്. റഊഫിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുകയും ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് റഊഫ്.
നേരത്തെ ഇയാള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്നൗ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ റൗഫല്‍ വിദേശത്തേക്ക് പോയിരുന്നു. ഇപ്പോള്‍ കാക്കനാട്ടുള്ള കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് റൗഫിനെ.
14 ദിവസത്തേക്ക് ആണ് ഇപ്പോള്‍ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 2.21 കോടി രൂപയാണ് ഇയാളുടെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയത്. ഈ പണം ക്യാമ്പസ് ഫ്രണ്ട് നേതാവും ട്രഷററുമായ അതീഖുര്‍ റഹ്മാന്റെ അല്‍കൗണ്ടിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ വച്ച് സിദ്ദിഖ് കാപ്പനടക്കം നാല് പേരെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധിപ്പിച്ചാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.