കോട്ടയം: സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഓര്‍ത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ പളളികളില്‍ പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. ഇതിനെത്തുടര്‍ന്ന് പലയിടങ്ങളിലും സംഘര്‍ഷാവസ്ഥയാണ്. ചിലയിടങ്ങളില്‍ പളളികളില്‍ പ്രവേശിക്കാനുളള ശ്രമത്തെ പൊലീസ് ഇടപെട്ട് തടഞ്ഞു.

മുളന്തുരുത്തി പളളിയിലേക്ക് യാക്കോബായ വിശ്വാസികളായ നിരവധിപേരാണ് എത്തിയത്. പള്ളിക്ക് പുറത്തായി സജ്ജീകരിച്ച യാക്കോബായ വിശ്വാസികളുടെ താത്കാലിക പ്രാര്‍ത്ഥന കേന്ദ്രത്തില്‍ കുര്‍ബാന നടത്തിയ ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പള്ളിമുറ്റത്തെത്തി. സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പളളിയില്‍ പ്രവേശിക്കുന്നത് തടയാനാണ് പൊലീസിന്റെ ശ്രമം. വടവുകോട് സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനുള്ള യാക്കോബായ വിശ്വാസികളുടെ നീക്കം പൊലീസ് തടഞ്ഞു. കോടതി വിധി മറികടക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസ് ഇടപെട്ടത്. പളളിക്ക് മുന്നില്‍ വിശ്വാസികള്‍ പ്രതിഷേധിക്കുകയാണ്. മറ്റുപളളികളിലേക്കും കൂടുതല്‍ വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

പളളികള്‍ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് പളളികളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത്. മുളന്തുരുത്തി, പിറവം അടക്കമുളള 52 പളളികളില്‍ പ്രവേശിക്കുമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. വിശ്വാസികള്‍ക്ക് പളളികളിലേക്ക് വരുന്നതിന് ഒരു തടസവും ഇല്ലെങ്കിലും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ.