ആലപ്പുഴ: കായംകുളത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍. കറ്റാനം സെന്‍്റ് തോമസ് മിഷന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആര്‍ മധുവിന്‍്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വള്ളികുന്നം പോലീസ് കേസെടുത്തു.

പോസ്റ്റ്മോര്‍ട്ടത്തിന് മുന്നോടിയായുള്ള കൊവിഡ് പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം കൊണ്ടാണ് കായംകുളം പെരിങ്ങാല സ്വദേശിനി അക്ഷയയുടെ മൃതദേഹം കറ്റാനം സെന്‍്റ് തോമസ് മിഷന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. ഇന്നലെ വൈകിട്ട് കൊവിഡ് പരിശോധനാ ഫലം ലഭിച്ചതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ബോഡി ഏറ്റു വാങ്ങാനായി എത്തിയ ബന്ധുക്കളാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടത്.

മൃതദേഹം അഴുകിയ നിലയില്‍ കണ്ടതോടെ മോര്‍ച്ചറി ജീവനക്കാരന്‍ മാറിക്കളഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലിസ് എത്തുന്നത് വരെ മൂന്ന് മണിക്കൂറോളം മൃതദേഹം നിലത്തു തന്നെയിട്ടു. മോര്‍ച്ചറിയിലെ ശീതീകരണിയുടെ കംപ്രസറുകള്‍ ഊരിമാറ്റിയ നിലയിലായിരുന്നു എന്നും ഉണ്ടായിരുന്ന ഒന്ന് പ്രവര്‍ത്തനരഹിതമായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച്‌ കറ്റാനം സെന്‍ തോമസ് മിഷന്‍ ആശുപത്രി അധികൃതര്‍ ഒരു വിശദീകരണവും നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു