കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു . മറ്റു നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വേറെയും ആളുകള്‍ രംഗത്തുവരാം. നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറാണ്. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് പരിഗണനയിലില്ല. നിയമനിര്‍മാണം നടത്താതെ തന്നെ എംഎസ്പി നിലനിര്‍ത്തും.

കേരളത്തില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് പറയുന്നത് വെറും കൈയടിക്ക് വേണ്ടിയാണ്. തീവ്ര ഇടതുപക്ഷവും ഖലിസ്ഥാനികളും സമരത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്നുവെന്നും ജാവഡേക്കര്‍ പറഞ്ഞു.

സര്‍ക്കാരിന് പിടിവാശിയില്ല. നിയമത്തിന്‍റെ ഒാരോ ക്ലോസും ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചതാണ്. നിയമം പിന്‍വലിക്കല്ല വഴി. ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഈ നിയമം വേണം. എപിഎംസിക്ക് പുറത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ എപിഎംസികളില്ലല്ലോ. മിനിമം താങ്ങുവിലയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ പഞ്ചാബാണ്. എന്നാല്‍ കോണ്‍ഗ്രസും ശിരോമണി അകാലിദളും ആംആദ്മി പാര്‍ട്ടിയും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .