ഗുരുവായൂര്‍: മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി തന്റെ രോഗപീഡകള്‍ വകവയ്ക്കാതെ നാരായണീയം എന്ന സംസ്കൃത ഭക്തകാവ്യം പൂര്‍ത്തിയാക്കിയ ദിനമാണ് നാരായണീയ ദിനം. എല്ലാ വര്‍ഷവും വൃശ്ചികം 28 നാരായണീയദിനമായി ആചരിക്കുന്നത് (ഡിസംബര്‍ 13). നാരായണനെ സംബന്ധിക്കുന്നത് എന്നര്‍ഥം വരുന്ന നാരായണീയം ഭാഗവത മഹാഗ്രന്ഥത്തിന്‍റെ സംഗൃഹീത രൂപമാണ്. ഗുരുവായൂരപ്പനെക്കുറിച്ചുളള ഭക്തിസാന്ദ്രമായ കാവ്യമാണിത്. സംസ്കൃത പണ്ഡിതനായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയാണ് നാരായണീയത്തിന്‍റെ സ്രഷ്ടാവ്. നാരായണീയ സ്തോത്രം ഒരു ദിവ്യൗഷധത്തിന്റെ ഫലമാണ് ഭട്ടതിരിപ്പാടിനു നല്‍കിയത്. അദ്ദേഹത്തിന്റെ ഭക്തിമാര്‍ഗ്ഗം നാരായണീയത്തിലുടനീളം തെളിഞ്ഞു നില്‍ക്കുന്നു. നാരായണീയ പാരായണം ഭക്തവത്സലനും മുക്തിദായകനുമായ ശ്രീഗുരുവായൂരപ്പന്റെ പ്രീതിക്ക് കാരണ‌മാകുന്നു.

നാരായണീയ ഉദ്ഭവ കഥ ഇങ്ങനെ:

മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാടിന്‍റെ വ്യാകരണഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്‍റെ വേദന കാണുവാന്‍ കഴിയാതെ ഗുരുദക്ഷിണയായി തന്‍റെ യോഗശക്തിയാല്‍ ഭട്ടതിരി വാതരോഗത്തെ തന്‍റെ ശരീരത്തിലാക്കി ഗുരുവിന്‍റെ കഷ്ടത അകറ്റി. പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച്‌ ഒരാളിനെ സംസ്കൃത പണ്ഡിതനും മലയാളഭാഷാ പിതാവുമായിരുന്ന തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍റെ പക്കലേക്ക് അയച്ചു. അദ്ദേഹം ”മീന്‍ തൊട്ടുകൂട്ടു”വാന്‍ ഉപദേശിക്കുകയും ചെയ്തു ബുദ്ധിമാനായ മേല്‍പ്പത്തൂര്‍ അതിന്‍റെ സാരം മനസ്സിലാക്കുകയും ഗുരുവായൂരപ്പ സന്നിധിയില്‍ എത്തി മത്സ്യാവതാരം മുതലുളള ഭാഗവത കഥകളും കണ്ണന്‍റെ ലീലാവിലാസങ്ങളും ഉള്‍പ്പെടുത്തിയുളള നാരായണീയം എന്ന സംസ്കൃത സ്തോത്ര കാവ്യത്തിന്‍റെ രചന ആരംഭിക്കുകയും ചെയ്തു. 14000 ശ്ലോകങ്ങളുളള ഭാഗവതപുരാണത്തെ അതിന്‍റെ സാരം ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ 1034 ശ്ലോകങ്ങള്‍ ആക്കി ശ്രീഗുരുവായൂരപ്പനു സമര്‍പ്പിച്ചു ഭട്ടതിരിപ്പാടിന്‍റെ 27-ാം വയസ്സിലാണ് ഇതു രചിച്ചത്. നൂറു ദശകങ്ങളായി നൂറു ദിവസം കൊണ്ടാണ് ഇത് എഴുതിത്തീര്‍ത്തത്. ഓരോ ദിവസവും ഓരോ ദശകം വീതം അദ്ദേഹം ഗുരവായൂരപ്പനു സമര്‍പ്പിച്ചു. നൂറാം ദിവസം രോഗവിമുക്തനാകുകയും ആയുരാരോഗ്യ സൗഖ്യത്തോടെ സ്വഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു

പ്രസിദ്ധമായ കേശാദിപാദവര്‍ണന നൂറാം ദശകത്തിലാണ്. നാരായണീയം പരിസമാപ്തിയിലേക്ക് എത്തിയതു വൃശ്ചികം 28-ാം തീയതിയാണ്. ആ ദിനത്തെ എല്ലാവര്‍ഷവും നാരായണീയ ദിനമായി ആചരിച്ചുപോരുന്നു. അന്നു ഗുരുവായൂരമ്ബലത്തില്‍ വിശേഷദിനമായി ആചരിക്കുന്നു നാരായണീയസ്തോത്രം ഒരു ദിവ്യൗഷധത്തിന്‍റെ ഫലമാണു ഭട്ടതിരിപ്പാടിനു നല്‍കിയത് നാരായണീയ നിത്യപാരായണത്തിലൂടെ രോഗങ്ങളും കടബാധ്യതകളും നീങ്ങുവാന്‍ സഹായിക്കുന്നു. ഭക്തിമാര്‍ഗമായിരുന്നു ഭട്ടതിരിയുടേത്.