തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീടു കയറി ആക്രമണം നടത്തി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് വേണമെന്ന് പൊലീസ്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികളിലേക്ക് കടക്കണമെങ്കില്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് ആവശ്യം.

വിഴിഞ്ഞം വടുവച്ചാല്‍ സ്വദേശിയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ആരിഫ് ഖാന്റെ ഭാര്യ സീബയെ ആക്രമിച്ച പരാതിയില്‍ നാല് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഭാഗമായാണ് വീടുകയറിയുള്ള അകരമണവും.

കോണ്‍ഗ്രസുകാരും സി പി എമ്മുകാരും തമ്മില്‍ നടന്ന കൂട്ടയടിക്കിടയില്‍ പെട്ട സീബയെ പ്രതികള്‍ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് നിലത്തേക്ക് വയറടിച്ച്‌ വീഴുകയായിരുന്നു സീബ. വീഴ്ചയില്‍ കുഞ്ഞ് മരിക്കുകയായിരുന്നുവെന്ന് സീബ പറയുന്നു.

മര്‍ദ്ദനമേറ്റ സീബ അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. വീട്ടിലെത്തി ആക്രമിച്ച നാല് പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കേസെടുത്തെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല