ദുബൈ: യു.എ.ഇയില്‍ അംഗീകാരം നല്‍കിയ കോവിഡ്​ വാക്​സിനെടുക്കാന്‍ ആശുപത്രികളില്‍ തിരക്കേറി. വ്യാഴാഴ്​ച തുടങ്ങിയ വാക്​സിന്‍ വിതരണം അവധി ദിവസങ്ങളിലാണ്​ കൂടുതല്‍ സജീവമായത്​. അതേസമയം, സ്വകാര്യ ആശുപത്രിയിലും ഇന്നലെ വിതരണം തുടങ്ങി. വി.പി.എസി​െന്‍റ ആശുപത്രികളിലാണ്​ വിതരണം. ജബല്‍ അലിക്ക്​ സമീപം വാക്​സിന്‍ വിതരണം ചെയ്യുന്ന ദുബൈ പാര്‍ക്കിന്​ മുന്നിലും ഫീല്‍ഡ്​ ആശുപത്രിക്ക്​ മുന്നിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. മണിക്കൂറുകള്‍ വരിനിന്ന ശേഷമാണ്​ വാക്​സിനെടുക്കാന്‍ കഴിഞ്ഞത്​. ദുബൈ പൊലീസാണ്​ ഇവരെ നിയന്ത്രിച്ച്‌​ സൗകര്യമൊരുക്കിയത്​. ഒരേസമയം 40 വാഹനങ്ങളാണ്​ ഉള്ളിലേക്ക്​ അനുവദിച്ചത്​. മൂന്ന്​ മണിക്കൂര്‍ കാത്തുനിന്ന ശേഷമാണ്​ പലര്‍ക്കും വാക്​സിന്‍ ലഭിച്ചത്​.
ഫീല്‍ഡ്​ ഹോസ്​പിറ്റലില്‍ രാവിലെ പത്ത്​ മുതല്‍ വൈകീട്ട്​ നാല്​ വരെയായിരുന്നു വാക്​സിന്‍ വിതരണം. എന്നാല്‍, തുറക്കും​ മുമ്ബുതന്നെ ആളുകള്‍ എത്തിയിരുന്നു. നിരവധി മലയാളികളും വാക്​സിനെടുക്കാന്‍ എത്തുന്നുണ്ട്​. ഇവര്‍ 21 ദിവസത്തിനുശേഷം രണ്ടാം ഡോസ്​ എടുക്കണം. 20 ലക്ഷം ഡോസ്​ വാക്​സിന്‍ വിതരണത്തിനെത്തിയിട്ടുണ്ട്​.

ചൈനയുടെ സിനോഫോം വാക്​സിനാണ്​ എത്തിയത്​. വാക്​സിന്‍ സൗജന്യമായാണ്​ നല്‍കുന്നത്​. 86 ശതമാനം ഫലപ്രദമാണെന്നാണ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയത്തി​െന്‍റ വിലയിരുത്തല്‍. സേഹയുടെ 80050 എന്ന നമ്ബറില്‍ വിളിച്ച്‌ വാക്സിന് അപ്പോയിന്‍മെന്‍റ്​ എടുക്കാം. സിനോഫാമിന് പുറമെ, റഷ്യന്‍ നിര്‍മിത സ്ഫുട്​നിക് വാക്സി​െന്‍റ മൂന്നാംഘട്ട പരീക്ഷണവും അബൂദബിയില്‍ തുടങ്ങിയിട്ടുണ്ട്​. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക്​ വാക്​സിന്‍ നല്‍കില്ല.

വി.പി.എസില്‍ വിതരണം തുടങ്ങി

അബൂദബി: സിനോഫോം വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ മുഖേന യു.എ.ഇയില്‍ നല്‍കിത്തുടങ്ങി.

സ്വകാര്യ മേഖലയില്‍ ആദ്യമായി വാക്സിന്‍ കുത്തിവെപ്പ്​ തുടങ്ങിയത് വി.പി.എസ് ഹെല്‍ത്ത്കെയറാണ്. ഗ്രൂപ്പിന് കീഴിലെ അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ 18 ആശുപത്രികളിലും മെഡിക്കല്‍ സെന്‍ററുകളിലും ശനിയാഴ്ച രാവിലെ ഒമ്ബതു മുതല്‍ വാക്സിന്‍ വിതരണം ആരംഭിച്ചു.

വരും ദിവസങ്ങളില്‍ വാക്സിന്‍ നല്‍കാന്‍ ബുക്കിങ് തുടരുകയാണ്. വാക്​സിന്‍ സൗജന്യമാണ്​. മുന്‍ ദിവസങ്ങളില്‍ ബുക്കിങ് നടത്തിയവര്‍ക്കാണ് ആദ്യദിനം വാക്സിന്‍ നല്‍കാനായതെന്നും 5000 പേര്‍ക്ക് ദിനംപ്രതി വാക്സിന്‍ നല്‍കാനുള്ള സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്നും വി.പി.എസ് കോവിഡ് വാക്സിനേഷന്‍ ടാസ്ക് ഫോഴ്സ് ലീഡ് ഡോ. പങ്കജ് ചൗള അറിയിച്ചു. ആശുപത്രികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബൂദബി, അല്‍ ഐന്‍ നിവാസികള്‍ക്ക് വാക്സിനേഷനായി രജിസ്​റ്റര്‍ ചെയ്യാം. ബുക്ക് ചെയ്യുന്നതിന് വി.പി.എസ് ഹെല്‍ത്ത്കെയര്‍ ഹെല്‍പ്​ലൈന്‍ നമ്ബറില്‍ വിളിക്കാം (8005546). വാട്സ് ആപ് വഴി 0565380055 എന്ന നമ്ബറിലും ബുക്ക് ചെയ്യാം. വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.vpshealth.com, www.covidvaccineuae.com വെബ്സൈറ്റുകളില്‍ ലോഗിന്‍ ചെയ്യണം. വാക്സിനെടുക്കുന്ന വ്യക്തി അടുത്ത 30 മിനിറ്റ് നിരീക്ഷണത്തില്‍ തുടരും.

വാക്സിന്‍ ലഭിക്കുന്ന സ്വകാര്യ ആശുപത്രികള്‍

ബുര്‍ജീല്‍ ഹോസ്പിറ്റല്‍, അല്‍ നജ്ദ സ്ട്രീറ്റ്, അബൂദബി

ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി, 28 സ്ട്രീറ്റ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റി

മെഡിയോര്‍ 24×7 ഹോസ്പിറ്റല്‍, അല്‍ ഫലാഹ് സ്ട്രീറ്റ് സോണ്‍ 1, അബൂദബി

എല്‍.എല്‍.എച്ച്‌ ഹോസ്പിറ്റല്‍, മുറൂര്‍ റോഡ് സോണ്‍ 1 ഇ 3-02, അബൂദബി

ബുര്‍ജീല്‍ മെഡിക്കല്‍ സെന്‍റര്‍, മകാനി മാള്‍, അല്‍ ഷംഖ

ബുര്‍ജീല്‍ മെഡിക്കല്‍ സെന്‍റര്‍, ഡീര്‍ഫീല്‍ഡ്സ് മാള്‍, ഷഹാമ

ബുര്‍ജീല്‍ മെഡിക്കല്‍ സെന്‍റര്‍, പ്രിസിങ്ക്റ്റ് ബി -01, അല്‍സീന

ബുര്‍ജീല്‍ മെഡിക്കല്‍ സെന്‍റര്‍, യാസ് മാള്‍

ബുര്‍ജീല്‍ മെഡിക്കല്‍ സെന്‍റര്‍ എം.എച്ച്‌​.പി.സി

ബുര്‍ജീല്‍ ഡേ സര്‍ജറി സെന്‍റര്‍, അല്‍ റീം ഐലന്‍ഡ്

ബുര്‍ജീല്‍ ഒയാസിസ് മെഡിക്കല്‍ സെന്‍റര്‍, ബേദ സായിദ്

തജ്മീല്‍ കിഡ്സ് പാര്‍ക്ക്, ഷഹാമ 12

ലൈഫ് കെയര്‍ ഹോസ്പിറ്റല്‍, എം -24, മുസഫ, വില്ലേജ് മാളിന് സമീപം

എല്‍.എല്‍.എച്ച്‌​ ഹോസ്പിറ്റല്‍, എം 7, അല്‍ മുസഫ

ഒക്യുമെഡ് ക്ലിനിക്, മുസഫ ഇന്‍ഡസ്ട്രിയല്‍, മുസഫ

മെഡിയോര്‍ ഇന്‍റര്‍നാഷനല്‍ ഹോസ്പിറ്റല്‍, ആശാരിജ് ബിദ ബിന്‍ അമര്‍, അല്‍ ഐന്‍

ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റല്‍, ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് റോഡ്, അല്‍ ഐന്‍

ബുര്‍ജീല്‍ മെഡിക്കല്‍ സെന്‍റര്‍, ബരാരി മാള്‍, അല്‍ ഐന്‍