കോഴിക്കോട് : ലോകമാകെ ബഹുമാനിക്കുന്ന നരേന്ദ്രമോദിയുടെ ശിഷ്യനും പടയാളിയുമാണ് താനെന്ന് സുരേഷ് ഗോപി എം.പി. തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല . ‘ശ്രീനാരായണഗുരുവിന്റെ ചെമ്ബഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. അതൊന്ന് പോയി നോക്കണം. അവിടെ ചാണകം കൊണ്ടാണ് തറ മെഴുകിയിരിക്കുന്നത്. അതിന് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെപ്പോലെ മ‌റ്റ് പലതുമല്ല തറയില്‍ മെഴുകിയത്’

കോഴിക്കോട് നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സുരേഷ് ഗോപി വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കിയത്. ‘ഇടതുപക്ഷം 45 വര്‍ഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമെന്നാണ് എസ്.കെ കോഴിക്കോടിനെ വിശേഷിപ്പിച്ചത്. ആ നന്മയുടെ നഗരത്തില്‍ നിന്ന് അല്‍പം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാല്‍ മതിയെന്ന് എം ടി വാസുദേവന്‍നായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ലെന്ന്’ സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

‘ബിജെപി ഭരിക്കുന്ന കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്ന് നോക്കൂ. കേന്ദ്രപദ്ധതികള്‍ വഴി ഒരു സിനിമാനടനായ എംപി, കെട്ടിയിറക്കിയ എംപി എന്ത് ചെയ്തുവെന്ന് മനസ്സിലാക്കി താരാം. ആയിരം പഞ്ചായത്ത് ഞങ്ങള്‍ക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ച്‌ തരാം. കേരളം മലയാളികളുടേതാണെങ്കില്‍ കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലയാളികള്‍ താമരയ്ക്ക് വോട്ടുചെയ്യണമെന്നും’ അദ്ദേഹം പറഞ്ഞു.

‘പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാന്‍ മൂന്ന് വര്‍ഷമായി ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പേരാമ്പ്ര പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണെങ്കില്‍ അവിടെ എന്നേ ഒരു റോഡ് വന്നേനെ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഈ കെട്ടിയിറക്കിയ എംപിയുടെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയാണ് ഇവിടുത്തെ നികൃഷ്ട രാഷ്ട്രീയക്കാര്‍. ഇതിനെതിരെ വോട്ടര്‍മാര്‍ യുക്തിപരമായി ചിന്തിച്ച്‌ വോട്ടു ചെയ്യണം.’

‘അത്യാധുനിക മരം മുറി യന്ത്രങ്ങള്‍ കൊണ്ടു വന്ന് കല്ലായിയിലെ മരവ്യവസായത്തെ പുനരുജ്ജീവിപ്പിച്ചൂടെ തലമുറമാറ്റം വേണം എല്ലാ തൊഴില്‍ മേഖലയിലും. ഇതെല്ലാം മുരടിപ്പിച്ച സര്‍ക്കാരിനെയാണോ നിങ്ങള്‍ വികസനം താരത്മ്യം ചെയ്യാന്‍ എടുക്കുന്നത്. നിഷ്‌കാസനം ചെയ്യണം ഈ സര്‍ക്കാരിനെ. നാളെ ഒരു ദിവസം കൂടി സമയമുണ്ട്. നിങ്ങള്‍ നന്നായി ആലോചിക്കൂ. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസവും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുരേഷ് ഗോപി ഉന്നയിച്ചത്. വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്നും , ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂവെന്നും ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.