ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ചതോടെ ഓസ്ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ് സൂപ്പര്‍ താരം രോഹിത് ശര്‍മ. ഞായറാഴ്ച ചാര്‍ട്ടേഡ് വിമാനത്തില്‍ അദ്ദേഹം ഓസ്ട്രേലിയയിലേക്കു പറക്കുമെന്നാണ് വിവരം. ക്വാറന്റീന് നിബന്ധന കാരണം ആദ്യ രണ്ടു ടെസ്റ്റുകളിലും രോഹിത്തിന് കളിക്കാന്‍ സാധിക്കില്ല. മൂന്നും നാലും ടെസ്റ്റുകളില്‍ താരത്തിന്റെ സേവനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.
എന്നാല്‍ ഫിറ്റ്നസ് തെളിയിച്ചതുകൊണ്ടു മാത്രം രോഹിത്തിനു ഓസീസിനെതിരായ മൂന്നാംം ടെസ്റ്റില്‍ ഇടം ലഭിക്കണമെന്നില്ല. അതിനു മുമ്പ് ഒരു കടമ്പ കൂടി അദ്ദേഹത്തിനു കടക്കാനുണ്ട്. ഈ മാസം അവസാനത്തോടെ തന്റെ സഹനശക്തി കൂടി തെളിയിച്ചാല്‍ മാത്രമേ രോഹിത്തിനെ ടീമിലേക്കു പരിഗണിക്കൂയെന്നു ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ രോഹിത് ശര്‍മ തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായി തന്നെ പൂര്‍ത്തിയാക്കി. ശാരീരികമായി ഇപ്പോള്‍ അദ്ദേഹം ഫിറ്റാണ്. ബാറ്റിങ്, ഫീല്‍ഡിങ്, വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടം തുടങ്ങി വ്യത്യസ്ത കാര്യങ്ങളില്‍ എന്‍സിഎയിലെ മെഡിക്കല്‍ സംഘം രോഹിത്തിന്റെ ഫിറ്റ്നസ് അളക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. രോഹിത്തിന്റെ ശാരീരികമായ ഫിറ്റ്നസ് തൃപ്തികരമാണ്. എന്നിരുന്നാലും തന്റെ സഹനശേഷി മെച്ചപ്പെടുത്തുന്നതിനു വേണ്ടി അദ്ദേഹം തുടര്‍ന്നും ശ്രമിക്കേണ്ടതുണ്ടെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രണ്ടാഴ്ച ഓസ്ട്രേലിയയില്‍ ക്വാറന്റീനില്‍ കഴിയുമ്പോള്‍ രോഹിത് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു വിശദമായ നടപടിക്രമം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇതു പ്രകാരം തന്നെ അദ്ദേഹം പ്രവര്‍ത്തിക്കുകയും വേണം. അതിനു ശേഷം ക്വാറന്റീന് കാലാവധി പൂര്‍ത്തിയായാല്‍ ടീം ഇന്ത്യയുടെ മെഡിക്കല്‍ സംഘം രോഹിത്തിന്റെ ഫിറ്റ്നസ് വിലയിരുത്തുകയും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
കഴിഞ്ഞ മാസം 19 മുതല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു രോഹിത്. യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കവെയാണ് അദ്ദേഹത്തിന്റെ ഇടതു കാലിലെ പിന്തുട ഞെരമ്ബിനു പരിക്കേല്‍ക്കുന്നത്. ഇതില്‍ നിന്നും പൂര്‍ണമായി മുക്തനാവുന്നതിനു മുമ്ബ് ഐപിഎല്ലില്‍ രോഹിത് തുടര്‍ന്നു കളിച്ചിരുന്നെങ്കിലും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ അദ്ദേഹത്തോടു ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഐപിഎല്ലിനു ശേഷം രോഹിത് എന്സിഎയിലെത്തുന്നത്.