നിലമ്പൂരിലെ ഇടതുസ്വതന്ത്ര എം.എല്‍.? പി.വി അന്‍വറിനെതിരായുള്ള ആക്രമണം പരാജയ ഭീതി മൂലമെന്ന് മന്ത്രി കെ.ടി ജലീല്‍. തോല്‍ക്കുമെന്ന് യു.ഡി.എഫ് ഭയപ്പെടുമ്പോഴൊക്കെ ഇത്തരത്തില്‍ ആക്രമങ്ങളുണ്ടാക്കുന്നത് സ്വഭാവികമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. മാത്രമല്ല തിരൂരങ്ങാടിയില്‍ താന്‍ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും കെ.ടി ജലീല്‍ പ്രതികരിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി​ സഖ്യമുണ്ടാക്കിയതില്‍ സുന്നികളും മുജാഹിദുകളും അസംതൃപ്​തരാണെന്നും കെ.ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ്​ വോട്ടര്‍മാരെ സ്വാധീനിക്കാനായി പി.വി അന്‍വര്‍ മുണ്ടേരിയിയലെത്തിയതെന്നാരോപിച്ച്‌ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ വാഹനം തടഞ്ഞത്. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഭവത്തില്‍ എം.എല്‍.എയുടെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന്​ ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു.

എം.എല്‍.എയെ തടഞ്ഞവര്‍ക്കെതിരെ നടപടി അവശ്യപെട്ട് സി.പി.എം സംഘവും പ്രതിഷേധിച്ചു. രാത്രി രണ്ട് മണിയോടെ ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍‍ച്ചും നടത്തി. ആസൂത്രിത ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്ന് പി.വി അന്‍വര്‍ എം.എല്‍.എ ആരോപിച്ചു.