ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള 91 സ്ഥാനാർത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കി. 13 മന്ത്രിമാർ പുതിയ ലിസ്റ്റിലുണ്ട്. അയോധ്യയിലെ സിറ്റിംഗ് നിയമസഭാംഗത്തെയും നിലനിർത്തി. മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് അലഹബാദ് വെസ്റ്റ് സീറ്റിൽ മത്സരിക്കുമ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി ദിയോറയിൽ നിന്ന് ജനവിധി തേടും.

സഹകരണമന്ത്രി മുകുത് ബിഹാരി വർമയെ ഒഴിവാക്കി. എന്നാൽ മകൻ ഗൗരവ് വർമ ബഹ്റൈച്ചിലെ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. അയോധ്യയിലെ സിറ്റിംഗ് എംഎൽഎ വേദ് പ്രകാശ് ഗുപ്തയെ നിലനിർത്തിയിട്ടുണ്ട്. മന്ത്രി നന്ദ് ഗോപാൽ ഗുപ്ത അലഹബാദ് സൗത്തിൽ മത്സരിക്കും. കൃഷിമന്ത്രി സൂര്യ പ്രതാപ് ഷാഹിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അദ്ദേഹം പഥർദേവ സീറ്റിൽ ജനവിധി തേടും.

നിർമൽ വർമ (ബിസ്വാൻ), മായങ്കേശ്വർ സിംഗ് (തിലോയ്), അശോക് കോറി (സലോൺ-എസ്സി), ധീരേന്ദ്ര ബഹാദൂർ സിംഗ് (സരേണി), സുരേഷ് കുമാർ പാസി (ജഗദീഷ്പൂർ-എസ്സി), രാജേഷ് ഗൗതം (കദീപൂർ-എസ്സി), രാകേഷ് സച്ചൻ എന്നിവരും പട്ടികയിലുണ്ട്. രാമകേഷ് നിഷാദ് (തിൻഡ്വാരി), നാഗേഷ് പ്രതാപ് സിംഗ് (രാംപൂർ ഖാസ്) തുടങ്ങിയവരും പട്ടികയിലുണ്ട്.

കഴിഞ്ഞ ദിവസം ഹസ്തിനപുരിൽ സമ്മേളനത്തിൽ സംസാരിക്കവെ യുപി മുഖ്യമന്ത്രി ആദിത്യനാഥ്, മുൻ സർക്കാരിന്റെ മൊത്തം വാർഷിക ബജറ്റിന്റെ അത്രയും തുക ബിജെപി സർക്കാർ കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എസ്പിയും ബിഎസ്പിയും സംസ്ഥാനം ഭരിച്ച 2003 മുതൽ 2017 വരെ നൽകിയ വീടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 43 ലക്ഷം വീടുകൾ പാവപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.