ഇംഗ്ലണ്ട് താരങ്ങൾക്ക് വരുന്ന ഐപിഎൽ സീസണിലെ അവസാന മത്സരങ്ങൾ നഷ്ടമാവുമെന്ന് റിപ്പോർട്ട്. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുള്ള താരങ്ങൾക്ക് അവസാന മത്സരങ്ങൾ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. ന്യൂസീലൻഡിനെതിരായ ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് പരമ്പര ജൂൺ 2നാണ് ആരംഭിക്കുന്നത്. ഐപിഎൽ എപ്പോൾ അവസാനിക്കുമെന്നതിൽ കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിലും മെയ് അവസാന വാരമാവും നോക്കൗട്ട് മത്സരങ്ങൾ നടക്കുക എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഇംഗ്ലണ്ട് താരങ്ങൾ മെയ് അവസാന വാരം നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. (England players miss IPL)

“ഇന്ത്യൻ പ്രീമിയർ ലീഗ് 15ാം സീസൺ മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. മെയ് മാസത്തിൽ ടൂർണമെന്റ് അവസാനിക്കും. ഇന്ത്യയിൽ വെച്ചുതന്നെ മത്സരങ്ങൾ നടത്താൻ ടീം ഉടമകൾ അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനു വേണ്ട എല്ലാ ശ്രമങ്ങളും ബിസിസിഐ നടത്തും. ഇത്തവണ പുതിയ രണ്ട് ടീമുകൾ കൂടി ഐപിഎല്ലിൽ എത്തുന്നുണ്ട്.”- ജയ് ഷാ പറഞ്ഞു.

ഇന്ത്യയിൽ തന്നെ ഐപിഎൽ 15ാം സീസൺ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും കൊവിഡ് സാഹചര്യത്തിൽ അന്തിമ തീരുമാനം അനിശ്ചിതത്തിലായിരുന്നു. ഇന്ത്യയെ കൂടാതെ ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ തന്നെ ഐപിഎൽ നടക്കുമെന്നാണ് സൂചന. മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ നടക്കുക എന്നും കാണികളെ പ്രവേശിപ്പിക്കില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസത്തോടെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നേക്കും.